കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസിനെതിരെ കടുത്ത ആരോപണങ്ങളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ രംഗത്ത്. വോട്ടിന് പണം നൽകിയെന്ന (‘വോട്ടിന് നോട്ട്’) ആരോപണം അടിസ്ഥാനരഹിതമാണെന്നും തോമസ് കെ. തോമസിന് മാനസിക അസ്വാസ്ഥ്യമാണെന്നും റെജി ചെറിയാൻ പരിഹസിച്ചു.
തനിക്കെതിരെ എൽ.ഡി.എഫ് തെളിവായി ഹാജരാക്കിയ വീഡിയോ വർഷങ്ങൾ പഴക്കമുള്ളതാണെന്ന് റെജി ചെറിയാൻ വ്യക്തമാക്കി. “ഞാൻ ഹാഫ് കൈ ഷർട്ട് ധരിക്കുന്നത് ഉപേക്ഷിച്ചിട്ട് കാലമേറെയായി. എന്റെ തന്നെ ഫേസ്ബുക്ക് പേജിൽ നിന്ന് പഴയ വീഡിയോകൾ എടുത്ത് എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണം നടത്തുന്നത്,” അദ്ദേഹം പറഞ്ഞു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും, ആരോപണങ്ങൾ തെളിയിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഗോദയിൽ തന്നെ ‘കൊലപാതകി’ എന്ന് വിളിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചതായും യു.ഡി.എഫ് സ്ഥാനാർത്ഥി അറിയിച്ചു. തോമസ് കെ. തോമസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ അടങ്ങിയ നോട്ടീസുകൾ വീടുകളിൽ വിതരണം ചെയ്തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. നിയമപോരാട്ടത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
















