ആലപ്പുഴയിൽ ഭർത്തൃവീട്ടിലെ പീഡനത്തെത്തുടർന്ന് മണ്ണഞ്ചേരി സ്വദേശിനി രേഷ്മ ആത്മഹത്യ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. ആലപ്പുഴ കറുകയിൽ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറാണ് (30) പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
2025 സെപ്റ്റംബർ 27-നാണ് മണ്ണഞ്ചേരി സ്വദേശി ജയരാജിന്റെ മകൾ രേഷ്മയെ (24) തത്തംപള്ളിയിലെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹസമയത്ത് നൽകിയ സ്വർണ്ണത്തിന്റെ പേരിൽ രേഷ്മ നിരന്തരം പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ, രേഷ്മയുടെ മാതാപിതാക്കളുടെ ശാരീരിക അവസ്ഥയെ (കാഴ്ചപരിമിതി) പരിഹസിച്ചും മാനസികമായി തളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ഭർത്തൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതായും പരാതിയുണ്ട്.
രേഷ്മയുടെ പിതാവ് ജയരാജിന് ഭാഗികമായ കാഴ്ച മാത്രമേയുള്ളൂ, മാതാവാകട്ടെ പൂർണ്ണമായും കാഴ്ചയില്ലാത്തയാളുമാണ്. തങ്ങളുടെ ഏക മകളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഈ ദമ്പതികൾ ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു.
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം ദിപിന്റെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















