മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അപേക്ഷകള്‍ വരാറുണ്ട്. അതിലെല്ലാം ഇടപെടലുകള്‍ നടത്താനും പരിഹാരം കാണാനുമുള്ള സംവിധാനങ്ങള്‍ മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി അറിയാനുള്ള പ്രധാന കാര്യങ്ങള്‍ മുതല്‍, പഞ്ചായത്തില്‍ തീര്‍പ്പാക്കാനുള്ള വിഷയങ്ങള്‍ വരെ പരാതിയായി മുഖ്യമന്ത്രിക്ക് നല്‍കാറുണ്ട്. ഓരോ പരാതികളും അതിന്റെ ഗൗരവത്തില്‍ കണ്ട് അതത് സംവിധാനങ്ങള്‍ വഴി പരിഹരിക്കപ്പെടാറാണ് പതിവ്. പലവിധ വിഷയങ്ങളും ഇങ്ങനെ വരുന്നുണ്ട്. എന്നാല്‍, ഇന്നലെ ഒരു പരാതിയുടെ അപേക്ഷ മുഖ്യമന്ത്രിക്കും KSRTC എം.ഡിക്കും ലഭിച്ചിട്ടുണ്ട്. അത് വളരെ വ്യത്യസ്തവും, എന്നാല്‍, ഭീതിതവുമായ അപേക്ഷയാണ്.
KSRTCയിലെ ജീവനക്കാരുടെ മരണനിരക്ക് ക്രമാതീതമായി ഉയരുന്നുവെന്നതാണ് അപേക്ഷയിലെ ഉള്ളടക്കം. ഇതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയും KSRTC എം.ഡിക്കും അപേക്ഷ നല്‍കിയിരിക്കുന്നത്. KSRTC ജീവനക്കാരുടെ അകാല മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുക. ഈ മരണങ്ങളെക്കുറിച്ചുള്ള പഠനം നടത്തി വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ആവശ്യം.
അപേക്ഷയില്‍ പറയുന്നത് ഇങ്ങനെ
വിഷയം: KSRTC ജീവനക്കാരുടെ അകാല മരണളെ കുറിച്ച് അന്വേഷണം നടത്താനും ഈ മരണങ്ങളെക്കുറിച്ച് പഠനം നടത്തി വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
സര്‍,
KSRTCയിലെ ജീവനക്കാര്‍ കൂടുതലും ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ അടുത്തിടെയായി ഒരുപാട് പേര്‍ തുടര്‍ച്ചയായി മരണപ്പെടുന്നുണ്ട്. ഇവരില്‍ അധികംപേരും മരണപ്പെട്ടിട്ടുള്ളത് ഹൃദ്രോഗം മൂലമാണ്. ഏതാണ്ട് കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ നാന്നൂറോളം പേരും കഴിഞ്ഞ ഒരു മാസത്തിനിതെ പത്തോളം പേരുമാണ് മരണപ്പെട്ടിട്ടുള്ളത്. ആയതിനാല്‍ ഈ വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി ഈ അകാലമരണങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാവുകയും ആയതിന്റെ പ്രതിവിധി കണ്ടെത്തണമെന്നും താല്‍പ്പര്യപ്പെടുന്നു.
KSRTEWA ജനറല്‍ സെക്രട്ടറി വിവി ഹരിദാസാണ് അപേക്ഷകന്‍. മറ്റൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും അനുഭവിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദങ്ങള്‍ താങ്ങുന്നവരാണ് KSRTC ജീവനക്കാര്‍. ‘വണ്ടിപ്പണി തെണ്ടിപ്പണി’ എന്നു പറയുംപോലെയാണ് ഇവരുടെ ജീവിതങ്ങളും. ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളും സാഹചര്യങ്ങളും വേറെ. ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അതിലേറെയാണ്. ഉദാഹരണത്തിന്; റോഡില്‍ ഒരു ചെറുതോ വലുതോ ആ ആക്‌സിഡന്റുണ്ടായി എന്നു കരുതുക. അതിനു ശേഷം ബസ് ഓടിക്കുന്ന ഡ്രൈവറുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്നു ചിന്തിച്ചു നോക്കൂ.
ശമ്പളം കിട്ടാതെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക അവസ്ഥ എന്തായിരിക്കും. റോഡില്‍ വെച്ച് മറ്റു വണ്ടിക്കാരില്‍ നിന്നും തെറിവിളി കേട്ടാല്‍ ഉണ്ടാകുന്ന അവസ്ഥ എന്തായിരിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനാവാതെ, മതിയായ കുടിവെള്ളം കിട്ടാത്ത അവസ്ഥ, എഞ്ചിന്റെ ചൂടേറ്റ് മണിക്കൂറുകള്‍ വണ്ടി ഓടിക്കേണ്ട അവസ്ഥ, മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുക, കാറ്റും, സൂര്യതാപവുമേറ്റ് തളരുക, കാലിനും കൈയ്ക്കും വിശ്രമമില്ലായ്മ തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ട് ചൂണ്ടിക്കാണിക്കാന്‍.
ഇതെല്ലാം സഹിക്കുന്ന ഒരു തൊഴിലാളി രോഗിയായില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍, ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഡ്യൂട്ടി സമയത്തും, ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോഴും, ഡ്യൂട്ടിക്ക് വരുമ്പോഴും, വീട്ടിലിരിക്കുമ്പോഴും മരണം വന്ന് വവിളിച്ചു കൊണ്ടിയ എത്രയോ പേരുണ്ട്. അതുകൊണ്ട് KSRTCയിലെ മരണ ദൂതന്റെ യാത്രയെ കുറിച്ച് ഒരു പഠനം അത്യാവശ്യമാണ്. അത്, KSRTCയിലെ ജീവനക്കാരുടെ ജീവിജ ഭാവിക്കു കൂടി ഗുണം ചെയ്യും. മുഖ്യമന്ത്രിക്കും KSRTC എം.ഡിക്കും നല്‍കിയിരിക്കുന്ന അപേക്ഷ പരിഗണിക്കപ്പെടണം. കാരണം, ഈ അപേക്ഷ, KSRTCയിലെ ഓരോ ജീവനക്കാരന്റെ ജീവന്റെ വിലയുള്ളതാണ്.
CONTENT HIGH LIGHTS; How do we die?: KSRTC employees’ petition before the Chief Minister?; 400 people died in three years? (Exclusive)
















