സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്റെ പേരിൽ സന്തോഷ് എച്ചിക്കാനവും സുജയപാർവതിയും തമ്മിലടി, അവാർഡുകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങളും തർക്കങ്ങളും കെട്ടടങ്ങുന്നില്ല. റാപ്പർ വേടന് അവാർഡ് നൽകിയതും, ബാലതാരത്തെ തഴഞ്ഞതും, മുസ്‍ലിം വിഭാഗത്തിന് അവാർഡ് നൽകുന്നതിൽ കൂടുതൽ പ്രാധാന്യം നൽകിയതും,ഇങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചയാകുന്നതിനിടയിലാണ് ജൂറിയംഗവും മാധ്യമപ്രവർത്തകയും തമ്മിലുള്ള വാക്പോര് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കുട്ടികളുടെ സിനിമകളെ അവാർഡിന് പരിഗണിച്ചില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടന്ന തത്സമയ ചർച്ചയിൽ, ജൂറി അംഗമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ അവതാരക സുജയ പാർവതി നടത്തിയ പരാമർശങ്ങൾ അതിരൂക്ഷമായി. “ഗോവിന്ദച്ചാമിയെ കിട്ടിയതുപോലെ” എന്ന നിലയിലുള്ള അവതാരകയുടെ പ്രതിപക്ഷ ബഹുമാനമില്ലാത്ത സംസാരവും, ചെയർമാൻ ഒറ്റയ്ക്ക് തീരുമാനമെടുത്തു എന്ന ആരോപണങ്ങളും മാധ്യമരംഗത്തും സാംസ്കാരിക രംഗത്തും വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്.
ഈ തത്സമയ സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. മാധ്യമപ്രവർത്തകയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടാണെന്ന് ഒരു വിഭാഗം വിമർശിച്ചപ്പോൾ, ജൂറി അംഗം എന്ന നിലയിൽ സന്തോഷ് ഏച്ചിക്കാനം കൃത്യമായ മറുപടി നൽകിയില്ലെന്ന് മറ്റൊരു വിഭാഗം ആരോപിച്ചു. ജൂറി അംഗം സന്തോഷ് ഏച്ചിക്കാനം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമപ്രവർത്തക സുജയ പാർവ്വതിക്കെതിരെ കൂടുതൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ചാനൽ ചർച്ചയിൽ നടന്നത് മാധ്യമ പ്രവർത്തനമല്ലെന്നും, മറിച്ച് ‘മാധ്യമ ഗുണ്ടായിസ’മാണെന്നും “ജൂറിയുടെ അഭിപ്രായം കുട്ടികളുടെ മാനസിക നില തെറ്റിക്കും” എന്ന് അവതാരക വിഡ്ഢിത്തം വിളമ്പിയതായി അദ്ദേഹം പറയുന്നു. അവാർഡ് കിട്ടാത്തതിൻ്റെ പേരിൽ ചിത്തഭ്രമം വരാൻ മാത്രം മണ്ടന്മാരല്ല കേരളത്തിലെ കുട്ടികളെന്നും, അങ്ങനെയുള്ള കുട്ടികളെ മാനസികാരോഗ്യ ശുശ്രൂഷക്ക് വിധേയമാക്കേണ്ടത് ജൂറിയുടെ ഉത്തരവാദിത്തമല്ലെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താൻ പറഞ്ഞത് മണ്ടൻ ചോദ്യങ്ങൾക്കുള്ള പരിഹാസം കലർന്ന മറുപടിയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും അവതാരകയ്ക്കില്ല, നുണയും നെറികേടും അഹങ്കാരവും മാത്രമാണ് അവതാരക കാണിക്കുന്നതെന്നും, ഇത് കാണുന്ന കുട്ടികൾ എന്ത് പഠിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
ചീപ്പ് ഹിറോയിസം കാണിക്കുന്ന അവതാരകയോട് “പോയി പണി നോക്കാൻ അല്ലാതെ” മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം രോഷത്തോടെ വ്യക്തമാക്കുന്നു. മധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയായിരുന്നില്ല തൻ്റെ വാക്കുകളെന്നും, മറിച്ച് അധിക്ഷേപങ്ങൾക്കുള്ള പരിഹാസമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വിവാദങ്ങൾ കെട്ടടങ്ങുന്നില്ല, ഓരോ ദിവസവും പുതിയ ആളുകൾ ഈ വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ജൂറി ചെയർമാൻ പ്രകാശ് രാജ് ദേശീയ അവാർഡുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയതും ഈ ചർച്ചകൾക്ക് ചൂടുപകർന്നു
















