പത്തനംതിട്ട ∙ മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്ത മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ അപകടത്തിൽ പെട്ടു. ഇവരിൽ ബൈക്ക് ഓടിച്ച 14 വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയോടെ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. പിന്നീട് രാത്രി 11 മണിയോടെ റാന്നിക്കടുത്ത മന്ദിരംപടി–വടശേരിക്കര റോഡിൽ ഹംപിൽ കയറിയപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് റബർ തോട്ടത്തിലേക്ക് മറിഞ്ഞു.
അപകടത്തിൽ പരുക്കേറ്റ 14 വയസ്സുകാരനെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റു രണ്ടുപേരായ 14, 16 വയസ്സുകാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി.
ബൈക്ക് ഓടിച്ച കുട്ടി മുൻപ് ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ട ആളാണെന്നും പൊലീസ് അറിയിച്ചു.
















