പാലക്കാട്: ജ്യൂസാണെന്ന് തെറ്റിദ്ധരിച്ചു കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് സഹോദരങ്ങൾ ചികിത്സയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ 10 വയസ്സുകാരനും 6 വയസ്സുകാരനും ആണു ആശുപത്രിയിൽ കഴിയുന്നത്.
സംഭവം നവംബർ 4-നാണ് നടന്നത്. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് അബദ്ധത്തിൽ കുടിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് രുചിയിൽ വ്യത്യാസം തോന്നി. പിന്നാലെ അവർ മരുന്ന് തുപ്പിയെങ്കിലും അമ്ലതയുള്ള രാസവസ്തു ഉള്ളതിനാൽ വായിലും തൊണ്ടയിലും പൊള്ളലേറ്റു.
കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരും ഇപ്പോൾ അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
















