KSRTCയിലെ പച്ചപ്പരിഷ്‌ക്കാരിയാണ് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാര്‍. മാധ്യമങ്ങളും സോഷ്യല്‍ മീഡിയ മാനേജ്‌മെന്റുകളും ഗണേശ സ്തുതി പാടുമ്പോള്‍, തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും പറയാതെ പോകാനാകില്ല. മന്ത്രിയുടെ തന്ത്രവും കുതന്ത്രവുമൊക്കെ മൈക്കിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ഇടയ്ക്കിടയ്ക്ക് പുറത്തു വരുന്നുണ്ട്. ഇത്തരം തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കുറച്ചധികം കുബുദ്ധികള്‍ KSRTCയിലുണ്ട്. എന്നാല്‍, മന്ത്രിക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന കാപാലികരെ പുറത്തു കാണില്ല. എങ്കിലും ഈ ബുദ്ധി അല്‍പ്പം കടുത്തുപോയെന്നു പറയാതെ വയ്യ. KSRTC ബസുകളുടെ വേഗത മന്ത്രിയുടെ കാഴ്ചപ്പാടില്‍ ട്രെയിനിനെയും പ്ലെയിനിനെയും കടത്തി വെട്ടണമെന്നാണ്. കേരളത്തിലെ നിരത്തുകളില്‍ അത് സാധ്യമാക്കണമെന്നാണ് KSRTC പറയുന്നത്.

KSRTCയുടെ പുതിയ ബസുകള്‍ അത്യാഡംബരമായി ഇറക്കുമെന്നു പറഞ്ഞ ഗണേഷ്‌കുമാറിന്റെ വലിയ ചിന്തയെ പ്രോത്‌സാഹിപ്പിച്ചെങ്കിലും, അത് ഓടിക്കുന്ന ഡ്രൈവര്‍മാരുടെയും അതില്‍ കയറുന്ന യാത്രക്കാരുടെയും കാര്യം ഓര്‍ത്തപ്പോള്‍ വേദനയാണ് തോന്നിയത്. കാരണം, പാളത്തിലൂടെ ഓടുന്ന ട്രെയിനിന്റെ വേഗതയ്‌ക്കൊപ്പമോ അല്ലെങ്കില്‍ അതിലും വേഗത്തിലോ ബസ് ഓടിക്കണം. എല്ലാ സ്‌റ്റോപ്പുകളിലും നിര്‍ത്തുകയും വേണം. ഇങ്ങനെ ബസ് ഓടിക്കാന്‍ കഴിവുള്ളത് അമര്‍ ചിത്രകഥകളിലെ ഡിങ്കനോ, സൂപ്പര്‍മാനോ ഒക്കെയാണ്. അല്ലാതെ, KSRTCയിലെ ഡ്രൈവര്‍മാര്‍ക്ക് കഴിയുമോ എന്നത് സംശയമാണ്. അങ്ങനെ ഓടിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മരണ സര്‍ട്ടിഫിക്കറ്റ് നേരത്തെ തന്നെ എഴുതി വെച്ചിരിക്കണം.

KSRTC ബസുകളെല്ലാം ഫ്‌ളൈറ്റുകള്‍ പോലെ സുഖപ്രദവും, നല്ല യാത്രാ സൗകര്യങ്ങളോടും കൂടി ഇറക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞപ്പോള്‍, അതിന്റെ വേഗതയെ കുറിച്ച് ആരും ചിന്തിച്ചില്ല. എന്നാല്‍, മന്ത്രി ഫൈളൈറ്റിന്റെ വേഗതയും കണക്കു കൂട്ടിയാണ് KSRTCയെ അവതരിപ്പിച്ചത്. അത്യാഡംബര ബസുകള്‍ വരുന്നതോടെ KSRTCയുടെ നല്ലകാലം തെളിയുമെന്നും, കടങ്ങളെല്ലാം തീര്‍ത്ത്, ലാഭത്തിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, വാങ്ങുന്ന പുതിയ ബസുകള്‍ എത്രകോടിയുടേതണെന്നും, അതിന് ചെലവഴിക്കുന്ന തുക എവിടെ നിന്നുമാണെന്നും മാത്രം മന്ത്രി പറഞ്ഞിട്ടില്ല. ഏതെങ്കലും കമ്പനിക്കാരോ, സര്‍ക്കാരോ വാങ്ങിക്കൊടുക്കുന്ന ബസുകളല്ല KSRTC നിരത്തിലിറക്കുന്ന പുതിയ ബസുകള്‍.

ഇതെല്ലാം കോടികള്‍ വിലവരുന്ന ബസുകളാണ്. എത്ര ബസുകള്‍ വാങ്ങിയെന്നോ, എത്ര രൂപയാണ് ഓരോ ബസിനും ആയതെന്നോ, ഇതിന്റെ കടം എത്രയെന്നോ, അതൊക്കെ എങ്ങനെ തിരിച്ചടയ്ക്കുമെന്നോ മന്ത്രി എവിടെയും പറഞ്ഞു കേട്ടില്ല. ഇനിയും ബസുകള്‍ വരും. വന്ദേ ഭാരതിനെയും ഫ്‌ളൈറ്റിനെയും തോല്‍പ്പിക്കുന്ന സൗകര്യങ്ങളുള്ള ബസുകള്‍ വരും. വന്നുകൊണ്ടേയിരിക്കുമെന്നു മാത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. വരുന്ന ബസുകളെല്ലാം പാളവും വാനവും തോല്‍ക്കുന്ന തരത്തില്‍ നിരത്തുകളില്‍ ഓടിത്തുടങ്ങിയാല്‍ മരണ നിരക്കിനും വര്‍ദ്ധനയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. മന്ത്രിയുടെ പരിഷ്‌ക്കാരങ്ങളെ കണക്കിന് കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജീവനക്കാര്‍ കുറവല്ല.

ഒരു ജീവനക്കാരന്റെ വാക്കുകള്‍ ഇങ്ങനെ
ആളേ കൊല്ലുന്ന ഗണേശ തന്ത്രം……
കേരളത്തിലെ ജനസംഖ്യ കുറയ്ക്കുവാന്‍ കാലന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ട മൂവര്‍ സംഘമാണ് മിസ്റ്റര്‍ഗണേശനും പ്രമോജ് ( MD) പ്രദീപ് EDO… KSRTC.
പാലാ പാണത്തൂര്‍ ബസിന്റെ ഡ്യൂട്ടി വെട്ടിക്കുറച്ചു ഒരു ദിവസ വിശ്രമം ഇല്ലാതാക്കി മരണത്തിലേക്ക് യാത്രക്കാരെയും പൊതുജനങ്ങളേയും അപകടത്തില്‍ പെടുത്തി കൊല്ലാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസംകണ്ടത്…………………….
കണ്ണൂര്‍ എക്പ്രസ് ട്രെയിനിന് കോഴിക്കോട് വരെ എത്തുവാന്‍ അനുവദിച്ച സമയം 2 മണിക്കൂര്‍ 8 മിനിറ്റ് വെറും 3 സ്റ്റോപ്പ്
| KSRTC ക്ക് ഈ കാലന്മാര്‍ അനുവദിച്ച സമം 2 മണിക്കൂര്‍ 10 മിനിറ്റ്. സ്റ്റോപ്പ് എല്ലായിടത്തും…
കേരളത്തിലെ നിരപരാധികളെ കൊന്നൊടുക്കുവാന്‍ ശ്രമിക്കുന്ന കാലന്‍ സംഘത്തിനെതിരെ ജനങ്ങള്‍ സംഘടിക്കൂ… മരണത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കൂ
ഇത് ശരിയാണെങ്കില്‍, ഗണേഷ്‌കുമാര്‍ മന്ത്രിയോട് പറയാനുള്ളത് പുനര്‍ചിന്ത അനിവാര്യമാണ് എന്നാണ്. പാളങ്ങള്‍ പോലെ കേരളത്തിലെ നിരത്തുകളെ കാണരുത്. ആകാശം പോലെയല്ല, ടാറിട്ട റോഡുകള്‍. അവിടെ പാവപ്പെട്ട സാധാരണക്കാര്‍ നടക്കുന്നുണ്ട്. റോഡു വക്കുകളില്‍ കച്ചവടക്കാരുണ്ട്. സ്‌കൂള്‍ കുട്ടികളുണ്ട്. അങ്ങനെ സമസ്ത മേഖലയിലെയും ആള്‍ക്കാരുള്ള ഇടമാണ് റോഡുകള്‍. അവിടെ, KSRTC ബസുകള്‍ ട്രെയിന്‍ സമയം അനുസരിച്ച് ഓടണമെന്ന് ജനങ്ങളുടെ പ്രതിനിധികൂടിയായ മന്ത്രി പറയുമ്പോള്‍, അത് കുരുതിക്കളിയാണ്. കാലേക്കൂട്ടി മനസ്സിലാക്കി, തീരുമാനം മാറ്റുകയെന്നതാണ് കരണീയമായ കാര്യം.

ഇല്ലെങ്കില്‍ നിരത്തുകളില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാകും. മരണങ്ങള്‍ പെരുകും. ആ അപകടങ്ങളെല്ലാം ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് എല്ലാവരും രക്ഷപ്പെടും. ഇതാണ് സംഭവിക്കാനിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌ക്കരണവും, ബസിന്റെ വേഗതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോഗിക്കുന്നവരോട്, അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന മറയ്ക്ക് അതേക്കുറിച്ച് ഒന്നു പഠിച്ചാല്‍ മനസ്സിലാകുമെന്നേ പറയാനുള്ളൂ. കൃത്യമായ വിശ്വമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നവര്‍ ട്രെയിന്‍ വേഗതയില്‍ ബസ് ഓടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചാല്‍ മതി. നിരത്തുകളിലെ വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ഗവേണന്‍സ് സ്ഥാപിക്കുന്നതിനെ കുറിച്ചും, മത്സര ഓട്ടക്കാരെ പിടിച്ച് ലൈസന്‍സ് കട്ട് ചെയ്യുന്നതിനെ കുറിച്ചും ഒരു വശത്ത് ആലോചിക്കുമ്പോഴാണ് മറുവശത്ത് ട്രെയിന്‍ പ്ലെയിന്‍ വേഗതയെ കുറിച്ച് തീരുമാനിക്കുന്നത്.
CONTENT HIGH LIGHTS; Will Ganesha’s conspiracy kill people?: Should the speed of the train be faster than the speed of the train?; Should it stop at every stop?; Will KSRTC drivers and passengers be killed?
















