വി.സി സുരേഷും കെ. സുരേഷും മരണപ്പെട്ടതിനു ശേഷം സഹപ്രവര്‍ത്തകര്‍ അവരുടെ കുടുംബങ്ങള്‍ക്കായി നടത്തിയ കുടുംബ സഹായ നിധി പിരിവ് അവസാനിപ്പിച്ച് തുക കൈമാറിയിരിക്കുകയാണ്. KSRTC ജീവനക്കാരായിരുന്ന ഇരുവരും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. വി.സി. സുരേഷ് മരണപ്പെട്ടത് മാസങ്ങള്‍ക്കു മുമ്പാണ്. എന്നാല്‍, കെ. സുരേഷ് മരമപ്പെട്ടത് രണ്ടാഴ്ചയ്ക്കു മുമ്പും. KSRTC ജീവനക്കാര്‍ എന്നതിലുപരി ഇരുവരും ഒരു നാട്ടുകാരും, ഒരുമിച്ചു ജോലിയില്‍ കയറിയവരും, ഒരു ഡിപ്പോയില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നവര്‍ കൂടിയാണ്. ഉറ്റ ചങ്ങാതിമാര്‍. വി.സി സുരേഷിന്റെ വിയോഗം കെ. സുരേഷിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നത് സഹപ്രവര്‍ത്തകര്‍ക്ക് നന്നായറിയാവുന്നതുമാണ്. അതുകൊണ്ടു തന്നെ വി.സി. സുരേഷിന്റെ കുടുംബത്തിനു വേണ്ടിയുള്ള പിരിവ് കെ. സുരേഷിന്റെ കുടുംബത്തിനും കൂടിയുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞത്.
ഒന്നേകാല്‍ ലക്ഷത്തിനു മുകളില്‍ പിരിവെടുത്തു. ശേഷം രണ്ടും കുടുംബങ്ങള്‍ക്കുമായി തുക വീതിച്ചു നല്‍കുകയായിരുന്നു. വി.സി. സുരേഷിന്റെ കുടുംബക്കാര്‍ക്ക് ജീവനക്കാര്‍ നേരിട്ട് തുക എത്തിച്ചപ്പോള്‍, കെ. സുരേഷിന്റെ കുടുംബത്തിന് ജി പേ വഴി പണം കൊടുക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി, സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടേയും അടയാളം കൂടിയാവുകയായിരുന്നു ഈ പിരിവെടുക്കലും അത് കൈമാറലും. സ്‌നേഹം കൊണ്ടുനിറച്ച സഹായമായിരുന്നു അത്. ആരും തിരിഞ്ഞു നോക്കാനില്ലാത്ത, ഒരു സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തവര്‍ തമ്മിലുള്ള ഇഴയടുപ്പം കൂടിയാണത്. KSRTCയിലെ ഇല്ലായ്മകളുടെയും, വെറുപ്പിന്റെയും, പഴി പറച്ചിലിന്റെയും, സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും കഥകള്‍ക്കിടയില്‍ ഇങ്ങനെ ചില നല്ല ഹൃദയസ്പര്‍ശിയായ കാര്യങ്ങളുമുണ്ട്.
മന്ത്രി ഗണേഷ്‌കുമാറും, എംഡി. പ്രമോജ് ശങ്കറും, KSRTCയിലെ അംഗീകൃതരായ യൂണിയന്‍കാരും അറിയേണ്ട ഒരു കാര്യമുണ്ട്. ജീവനക്കാരെ പലകാര്യങ്ങളും പറഞ്ഞ്, കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും നരകിപ്പിക്കുകയും ചെയ്യുമ്പോള്‍, അവര്‍ തമ്മിലുള്ള ബന്ധം അങ്ങനെയൊന്നും മുറിഞ്ഞുപോകില്ലെന്ന്. അവരില്‍ ഒരുത്തന്‍ ഈ ലോകം വിട്ടു പോയാല്‍, അവന്റെ കുടുംബത്തിനൊപ്പം കഴിയുന്ന വിധം ചേര്‍ന്നു നില്‍ക്കാനും, ചേര്‍ത്തു നിര്‍ത്താനും ജീവനക്കാര്‍ ഉണ്ടാകുമെന്ന്. ഇതുകണ്ടെങ്കിലും KSRTCയും മന്ത്രിയും, യൂണിയന്‍കാരും ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടുന്ന ഒരു ചെറിയ സഹായം നല്‍കാന്‍ തയ്യാറാകണം. മരണപ്പെടുന്നവരുടെ കുടംബത്തിന് ഒരു സഹായം നല്‍കാന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത്. രോഗികളായ ജീവനക്കാര്‍ക്ക് ചികിത്സാ സഹായമെന്നത് വാക്കുകളിലല്ല, പ്രാവര്‍ത്തികമാക്കി കൊടുക്കണം.
ഹൃദയാഘാതം KSRTCയുടെ വില്ലനാണ്. അത് ഓരോരുത്തരെയായി പിടികൂട്ടി കൊണ്ടുപോവുകയാണ്. സുരേഷുമാര്‍ക്ക് സഹായനിധി നല്‍കിയ സഹപ്രവര്ത്തകര്‍ ഒരു ഇടവേളയിലാണ്. അടുത്ത പിരിവിനുള്ള ഇടവേളയില്‍. വേദനയോടെയാണെങ്കിലും പറയാതെ വയ്യ. ഊഴംകാത്തു ജോലി ചെയ്തു കൊണ്ടിരിക്കുന്നവരില്‍ ആരായിരിക്കും അടുത്തയാള്‍ എന്ന ചിന്തയാണ് ഓരോ ജീവനക്കാരന്റെയും ഉള്ളില്‍. ഇനിയും വീണുപോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ KSRTCയിലെ ഓരോ ജീവനക്കാരനും നല്ലമനസ്സും ആയുസ്സും ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ് കുടുംബങ്ങളിലെ പ്രാര്‍ത്ഥന. വി.സി. സുരേഷിനും കെ. സുരേഷിനും വേണ്ടി കുടുംബ സഹായ നിധി പിരിച്ച സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ KSRTCയിലെ എല്ലാ ഉദ്യോഗസ്ഥരും വകുപ്പു മന്ത്രിയും കേള്‍ക്കണം.
പ്രിയപ്പെട്ട സഹോദരങ്ങളെ…
നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ കുടുംബസഹായ നിധി എന്നതിലൂടെ ഉദ്ദേശിച്ച കാര്യങ്ങളെ പൂര്‍ണമായ സംതൃപ്തിയോടെ സാധ്യമാക്കാന്‍ സാധിച്ചതില്‍ അഭിമാനത്തോടെ ആണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്….വളരെ
ആക്സ്മികമായി പൊലിഞ്ഞുപോയ പ്രിയ വി സി സുരേഷ് & കെ സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് വേണ്ടി പരസ്പരം അറിയാത്ത നമ്മളെല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ പിറന്നത് പുതിയ ഒരു അധ്യായം കൂടിയാണ്…നമ്മള്‍ കൊടുത്ത തുക നഷ്ടങ്ങളുടെ തീവ്രതയ്‌ക്കൊപ്പം ഒരിക്കലും എത്തില്ലെങ്കിലും നമുക്കത് വിയര്‍പ്പിന്റെ, അധ്വാനത്തിന്റെ, കണ്ണീരിന്റെ മൂല്യമുള്ളതാണ്….ഇന്ന് 5ആം ചരമദിനത്തില്‍ ശ്രീ വി സി യുടെ വീട്ടില്‍ വളരെഏറെ ആളുകള്‍ ഉണ്ടായിരുന്നു…ആ തിരക്കിനിടയില്‍ വി സി യുടെ ഭാര്യയെ കണ്ടിട്ട് 65000/-രൂപ അദ്ദേഹത്തിന്റെ തന്നെ gpay വഴി അയച്ചു കൊടുക്കുമ്പോള്‍ എന്നോടൊപ്പം ശ്രീ കെ എസ് ഷിബു (ATL ), സവിതന്‍ (EKM )മനോജ് (CTL)
ജോഷി മോഹന്‍ (ALP ), എ സിബിച്ചന്‍ (ALP) എന്നിവര്‍ കൂടി ഉണ്ടായിരുന്നു… ഓഫീസില്‍ നിന്ന് ഇനി ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിച്ചിട്ട് മനസ്സോടെയല്ലെങ്കിലും അവിടെ ഒരുക്കിയിരുന്ന സ്‌നേഹവിരുന്നും കഴിച്ചിട്ട് ഞങ്ങള്‍ ഇറങ്ങി…പിന്നീട് നേരെ കെ സുരേഷ്‌കുമാറിന്റെ ചെങ്ങണ്ടയിലെ വീട്ടിലേക്ക് പോകാന്‍ നേരം ഒപ്പം ഉണ്ടായിരുന്നത് പി എം നവാസും സവിതനുംകെ എസ് ഷിബുവും… അവിടെ എത്തിയപ്പോള്‍ ഒരു പ്രായമുള്ള അമ്മ ഒരു കൈക്കുഞ്ഞുമായി വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു… സുരേഷ് കുമാറിന്റെ ഇരട്ട കുഞ്ഞുങ്ങള്‍ തന്‍വിയും ജാന്‍വിയും വെറും ഒന്നര വയസ്സ് മാത്രം പ്രായമുള്ളതാണെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ക്കുള്ള കുറച്ചു ബിസ്‌ക്കറ്റ്കളും മിട്ടായിയും ഹോര്‍ലിക്‌സും ഒക്കെ വാങ്ങിയാണ് പോയത്… കയ്യിലിരുന്ന കവര്‍ വരാന്തയിലിരുന്ന കുഞ്ഞിന്റെ കയ്യില്‍ കൊടുത്തിട്ട് അകത്തേക്ക് ചെന്നു…മൂന്ന് പ്രായമായ അമ്മമാരും രണ്ട് കൊച്ചു കുഞ്ഞുങ്ങളും സുരേഷിന്റെ ഭാര്യയും ആണ് അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്…
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരുടെയും ഉള്ളിലെ വിങ്ങലുകള്‍ അടക്കാനായിരുന്നു ഏറ്റവും പാട്… കുറച്ചു നേരം സംസാരിച്ചിരുന്നു… നാളെ സുരേഷ്‌കുമാറിന്റെ അസ്ഥികള്‍ ഒഴുക്കാന്‍ ചേലാമറ്റം ക്ഷേത്രത്തില്‍ പോകുന്നു എന്ന കാര്യം കൂടി അവരുടെ സംസാരത്തില്‍ നിന്നും… മനസ്സിലായി…. ഒടുവില്‍ സുരേഷിന്റെ ഭാര്യയുടെ ബാങ്ക് ഡീറ്റെയില്‍സ് വാങ്ങി അതിലേക്ക് വി സി സുരേഷിന്റെ വീട്ടില്‍ കൊടുത്തത് പോലെ 65000 രൂപ GPAY വഴി ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തിട്ട് തിരികെ പോരുമ്പോള്‍ ഞങ്ങള്‍ക്ക് റ്റാറ്റാ തന്ന രണ്ട് കുഞ്ഞുങ്ങളുടെ ഉള്ളില്‍ എന്തായിരുന്നുവെന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍… എങ്കിലും പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കായി ഇതെങ്കിലും ചെയ്യാന്‍ സാധിച്ചത് മാത്രം ആയിരുന്നു ആകെയുണ്ടായ ആശ്വാസം…. ഈ കാര്യത്തില്‍ ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരിക്കല്‍ കൂടി സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു….
















