ഇട്ടിയപ്പാറ: സ്വകാര്യ ബസ് സ്റ്റാൻഡിൽ വാട്ടർ എടിഎം സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കാനുള്ള സംവിധാനം ആരംഭിച്ചു. ലീറ്ററിന് 2 രൂപ മാത്രമാണ് നിരക്ക്.
2 രൂപയുടെ ഒറ്റ നാണയമോ ഒരു രൂപയുടെ രണ്ട് നാണയങ്ങളോ ചേർത്ത് ഇടുമ്പോൾ വെള്ളം ലഭിക്കും. 20 രൂപയുടെ നാണയം ഇട്ടാൽ 10 ലീറ്റർ ശുദ്ധജലം ലഭ്യമാകും. ചൂട്, സാധാരണ, ഐസ് വെള്ളം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശിയാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷർ സൗമ്യ ജി. നായർ, ഷേർളി ജോർജ്, അംഗങ്ങളായ ഷൈനി രാജീവ്, വി. സി. ചാക്കോ, അനീഷ് ഫിലിപ്പ്, ബിനിറ്റ് മാത്യു, ഷൈനി പി. മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
















