പണ്ടൊക്കെ കാലാവസ്ഥയെ ആശ്രയിച്ചിരുന്ന കൂൺ ഇന്ന് വര്‍ഷം മുഴുവൻ ലഭ്യമായ ഒരു വിഭവമായി മാറിയിരിക്കുകയാണ്. കൂണിന് ഒട്ടേറെ പോഷകഗുണങ്ങളുമുണ്ട്. എന്നാൽ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ, കടയിൽ നിന്ന് വാങ്ങി വീട്ടിലെത്തുന്നതിന് മുൻപ് തന്നെ കൂൺ കേടാകാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഫ്രിജിൽ സൂക്ഷിക്കുമ്പോൾ പലരും ചെയ്യുന്ന ചെറിയ പിശകുകളാണ് ഈ കേടുപാടുകൾക്ക് പ്രധാന കാരണം.
ഫ്രിജിൽ നേരിട്ട് വയ്ക്കുന്നത് എങ്ങനെ അപകടകാരി?
കൂണുകൾ ഏകദേശം 92% വെള്ളമാണ്. അതുകൊണ്ട് കൂൺ നേരിട്ട് ഫ്രിഡ്ജിലോ ഫ്രീസറിലോ വയ്ക്കുമ്പോൾ, അതിന്റെ കോശങ്ങളിലെ വെള്ളം ഐസ് രൂപത്തിൽ മാറി കോശഭിത്തി പൊട്ടുന്നു. ഇത് ഡീഫ്രോസ്റ്റ് ചെയ്തശേഷം കൂൺ ചീഞ്ഞതായി തോന്നാനും, രൂപം നഷ്ടപ്പെടാനും, നിറം ഇരുണ്ടതായി മാറാനും കാരണമാകും. രുചിയിലും വലിയ വ്യത്യാസം വരും. മാത്രമല്ല, വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ബി, സി പോലുള്ള പ്രധാന പോഷകങ്ങൾ കുറയാൻ തുടങ്ങും.
ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ നിരവധി
ശരിയായി സൂക്ഷിക്കാൻ എന്ത് ചെയ്യണം?
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ കൂൺ ആറുമാസം വരെ കേടുകൂടാതെ നിലനിൽക്കും. അതിന് പാലിക്കേണ്ട മാർഗങ്ങൾ ഇവയാണു:
1. കൂൺ വാങ്ങിയ ഉടൻ ഫ്രിഡ്ജിൽ ഇടരുത്
വീട്ടിലെത്തിയതുടൻ പായ്ക്കറ്റ് തുറന്നിട്ട് കൂണുകൾ വൃത്തിയാക്കുക.
പേപ്പർ ടൗവൽ ഉപയോഗിച്ച് അതിലെ ഈർപ്പം തുടച്ച് കളയുക.
2. പാകം ചെയ്ത് സൂക്ഷിക്കൽ; ഏറ്റവും സുരക്ഷിത മാർഗം
കുറച്ച് ഒലീവ് ഓയിൽ അല്ലെങ്കിൽ ബട്ടർ ചേർത്ത് കൂൺ അല്പം വഴറ്റി എടുക്കുക.
തണുപ്പിച്ച ശേഷം എയർടൈറ്റ് കണ്ടെയ്നറിൽ വെച്ച് ഫ്രീസറിൽ സൂക്ഷിക്കാം.
ഇതിലൂടെ കൂണിന്റെ രുചിയും ഘടനയും അധികനേരം നിലനിൽക്കും.
3. ബ്ലാഞ്ചിംഗ്; രുചി നിലനിർത്തുന്ന മികച്ച രീതി
കൂൺ കുറച്ച് മിനിറ്റ് തിളച്ച വെള്ളത്തിൽ വെക്കുക.
ശേഷം ഉടൻ തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റുക.
തുടർന്ന് കൂണുകൾ ഒരു ബേക്ക് പേപ്പറിന് മുകളില്‍ പരത്തി ഫ്ലാഷ് ഫ്രീസ് ചെയ്യുക.
ഇങ്ങനെ ചെയ്താൽ കൂണിന്റെ നിറം, രുചി, പോഷകഗുണം എന്നിവ പരമാവധി നിലനിൽക്കും.
വലിയ വിലകൊടുത്ത് വാങ്ങുന്ന കൂൺ ഇങ്ങനെ തെറ്റായി സൂക്ഷിച്ചതിന്റെ പേരിൽ ചീർന്നുപോകുന്നത് പല വീടുകളിലും പതിവാണ്. ശരിയായ രീതിയിൽ പാചകം ചെയ്ത്, ആവശ്യമായ പ്രീ-പ്രോസസിംഗ് നടത്തി ഫ്രീസ് ചെയ്താൽ മാത്രമേ കൂൺ ദീർഘകാലം ആരോഗ്യകരമായി സൂക്ഷിക്കാനാവൂ.
















