കോട്ടയം: ഭാര്യ യുഡിഎഫ് സ്ഥാനാർത്ഥിയായതോടെ ഭർത്താവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. കോട്ടയം കുറവിലങ്ങാടാണ് സംഭവം. ആശാ പ്രവർത്തകയായ സിന്ധു രവീന്ദന്രാണ് യുഡിഎഫ് പിന്തുണയോടെ സ്ഥാനാർത്ഥിയായത്.
ഇതോടെ സിന്ധുവിനെയും ഭർത്താവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് ഇവരുടെ വീടിന് മുന്നിൽ നോട്ടീസ് പതിക്കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് സിന്ധുവിന്റെ ഭർത്താവ്.
ആശാ പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് സിപിഎം പ്രവർത്തകയായിരുന്ന സിന്ധു പാർട്ടി നേതൃത്വവുമായി അകന്നത്. സിന്ധു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ അച്ചടക്ക നടപടി നേരിടേണ്ടിയും വന്നു.
പ്രചാരണ രംഗത്ത് സജീവമല്ലാതിരുന്ന ഭർത്താവിനെയും പുറത്താക്കിയെന്ന് സിന്ധു പറയുന്നു. ഭർത്താവ് പ്രചാരണത്തിനൊന്നും വരില്ലെന്നും. താൻ സിപിഎമ്മിൽ തന്നെയാണ് നിൽക്കുന്നത് എന്നുമായിരുന്നു നിലപാടെന്നും സിന്ധു പറയുന്നു.
പെട്ടെന്ന് മീറ്റിങ്ങ് കൂടി പിറ്റേ ദിവസം ഇവിടെ നോട്ടീസ് ഒട്ടിക്കുമ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നതെന്നും സിന്ധു രവീന്ദ്രൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന ആരോപണവും സിന്ധു നിഷേധിച്ചു. വാടകവീട്ടിലാണ് താൻ താമസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
















