കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കിയതിന്റെ ആഹ്ലാദം പങ്കുവെച്ച അദ്ദേഹം, ഇത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്ന് വിശേഷിപ്പിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുക എന്നതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രധാന ലക്ഷ്യം. “തിരുവനന്തപുരം കോർപ്പറേഷൻ നേടുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്,” രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. കോർപ്പറേഷനിലെ വിജയം വഴി കേരളത്തിൽ ആദ്യമായി ഒരു പ്രധാന നഗരസഭയുടെ ഭരണം എൻഡിഎ സ്വന്തമാക്കി എന്ന ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്.
സംസ്ഥാനത്തുടനീളം 25 ശതമാനം വോട്ട് ഷെയർ നേടുക എന്ന വലിയ ലക്ഷ്യമാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത്. വോട്ട് ഷെയറിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ തങ്ങളുടെ ലക്ഷ്യം എത്രത്തോളം പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറുമാസക്കാലം ഈ തിരഞ്ഞെടുപ്പിനു വേണ്ടി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചതിൽ നേതൃത്വം സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പോയ സ്ഥലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി പഠിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. തൃശ്ശൂർ പോലുള്ള മേഖലകളിൽ തിരിച്ചടിയുണ്ടായോ എന്നും, അതിനു പിന്നിൽ ഇടതു-വലത് മുന്നണികൾ ഒത്തുചേർന്നുള്ള തന്ത്രങ്ങളുണ്ടായിരുന്നോ എന്നും പാർട്ടി പരിശോധിക്കും. ജനങ്ങൾ അവസരം തരുമെന്ന ആത്മവിശ്വാസം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആരെത്തുമെന്ന ആകാംഷയ്ക്ക് ഉടൻ വിരാമമാകും. സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഒരുമിച്ചിരുന്ന് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
















