അരൂർ: വേമ്പനാട്ട് കായലിന്റെ കൈവഴികളിലുടനീളം പടർന്നു നിൽക്കുന്ന കായൽ മലിനീകരണം നൂറ്റാണ്ടുകളായി കക്കവാരലിനെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിരിക്കുന്നു. കായലിൽ കക്കയുടെ ലഭ്യത തീവ്രമായി കുറഞ്ഞതോടെ ചേർത്തല താലൂക്ക് പ്രദേശങ്ങളിലെ തൊഴിൽ ആശ്രിത കുടുംബങ്ങൾ പ്രതിസന്ധിയിൽ.
വെളുത്തുള്ളി, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ, വളന്തകാട്, ചേപ്പനം, പറവൂർ, പുത്തോട്ട, ഉദയംപേരൂർ, വൈക്കം എന്നിവയുൾപ്പെട്ട വേമ്പനാട്ട് കായലിന്റെ കൈവഴികളിൽ കക്കാവാരൽ ഒരു തലമുറകളായുള്ള പരമ്പരാഗത തൊഴിലാണ്. എന്നാൽ മത്സ്യസംസ്കരണ ശാലകളും വിവിധ വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം കൂടാതെയാണ് രാസമാലിന്യം നിറഞ്ഞ മലിന ജലം കായലിലേക്കൊഴുക്കുന്നത്. ഇതാണ് മത്സ്യസമ്പത്തിനെയും കക്കയുടെ പ്രജനന ശൃംഖലയെയും ഗുരുതരമായി ബാധിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.
അരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ മാത്രം പലയിടത്തും പതിറ്റാണ്ടുകളായി കക്കവാരൽ തൊഴിൽ നടത്തുന്ന കുടുംബങ്ങൾ നേട്ടമില്ലാതെ കഷ്ടപ്പെടുകയാണ്. “മുൻകാലത്ത് വീടിന് മുന്നിലെ കായലിൽ ഇറങ്ങി കക്ക അവാരിക്കുമായിരുന്നു. ഇന്ന് വൈക്കം, മുറിഞ്ഞപുഴ, ഉദയംപേരൂർ, ചേപ്പനം എന്നിവിടങ്ങളിലേക്ക് ദൂരയാത്ര ചെയ്താണ് ഒരുപിടി കക്ക ലഭിക്കുന്നത്,” എന്ന് അരൂർ പുതുവൽനികർത്ത് കെ.പി. ചെലപ്പൻ പറയുന്നു.
പുലർച്ചെ നാല് മണിക്ക് യമഹ എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ പുറപ്പെടുന്ന തൊഴിലാളികൾ ഉച്ചയോടെ വീട്ടിലെത്തി കക്ക പുഴുങ്ങി ചന്തയിലും നാട്ടുകാരിലും എത്തിക്കുന്നത് പതിവാണ്. രണ്ട് പേർ ചേർന്ന് നടത്തുന്ന ഒരു ദിവസത്തെ കഠിനാധ്വാനത്തിന് 800 മുതൽ 1000 രൂപവരെ വരുമാനം ലഭിച്ചിരുന്നെങ്കിലും കായൽ മലിനീകരണം രൂക്ഷമായതോടെ അതും ഇപ്പോൾ സാദ്ധ്യമല്ലെന്നാണ് കളത്തിൽ കെ.സി. കുഞ്ഞപ്പന്റെ പ്രതികരണം.
വർഷങ്ങളായി കായലിൽ നടക്കുന്ന രാസമാലിന്യ നിക്ഷേപമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാനം എന്ന് നാട്ടുകാർ ആരോപിക്കുന്നു. കക്കവാരൽ ആശ്രയിച്ചുള്ളതൊഴിൽ തകർന്നു പോകുമ്പോൾ സാരമായ പിന്തുണയും കായൽ സംരക്ഷണ നടപടികളും ഇല്ലെന്നുമാണ് തൊഴിലാളികളുടെ വേദന.
















