ഇന്ത്യൻ ഫാമിലിക്ക് പറ്റിയ ഇരുചക്രവാഹനമായി സ്‌കൂട്ടറുകള്‍ മാറിക്കഴിഞ്ഞു. എല്ലാ പ്രായക്കാർക്കും സുഗമമായ യാത്രാനുഭവം സമ്മാനിക്കാൻ സ്കൂട്ടറിനാകും. അത്യാവശ്യം സാധനങ്ങള്‍ എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതും മികച്ച ഇന്ധനക്ഷമതയുണ്ടെന്നതുമെല്ലാം സ്‌കൂട്ടറുകള്‍ നിരവധി പേരെ ആകര്‍ഷിച്ചു. ഹോണ്ട, ടിവിഎസ്, സുസുക്കി, ഹീറോ എന്നിവയാണ് ഈ വിഭാഗത്തിലെ മുൻനിര ബ്രാൻഡുകൾ. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടങ്കിൽ ഈ അഞ്ച് ഫാമിലി സ്‌കൂട്ടറുകളെ പരിചയപ്പെടാം.
ഹീറോ പ്ലഷര്‍ പ്ലസ്
110 സിസി സ്‌കൂട്ടറുകളിലെ മികച്ച ഓപ്ഷനാണ് ഹീറോ പ്ലഷര്‍ പ്ലസ്. 69,766 രൂപ മുതല്‍ 75,712 രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില. 7250 ആര്‍പിഎമ്മില്‍ 8ബിഎച്ച്പി കരുത്തും 5750ആര്‍പിഎമ്മില്‍ 8.70എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ലീറ്ററിന് 55 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയുമുണ്ട്. എല്‍എക്‌സ്, വിഎക്‌സ്, എക്‌സ്ടിഇസി ZX എന്നിവയാണ് മൂന്നു വകഭേദങ്ങള്‍ ഉയര്‍ന്ന വകഭേദത്തില്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ഡ്യുവല്‍ ടോണ്‍ പാനല്‍, ഫുള്ളി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയുണ്ട്.
ഹീറോ ഡെസ്റ്റിനി 125
125 സിസി എന്‍ജിനുമായെത്തുന്ന ഹീറോ ഡെസ്റ്റിനിക്ക് 75,838 രൂപ മുതല്‍ 84,919 രൂപ വരെയാണ് എക്‌സ് ഷോറൂം വില. 7000ആര്‍പിഎമ്മില്‍ 9ബിഎച്ച്പി കരുത്തും 5500ആര്‍പിഎമ്മില്‍ 10.4എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ഇന്ധനക്ഷമത ലീറ്ററിന് 60 കിലോമീറ്റര്‍. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, നാവിഗേഷന്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓട്ടമാറ്റിക് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
സുസുക്കി ആക്‌സസ് 125
125 സിസി വിഭാഗത്തിലെ ജനപ്രിയ സ്‌കൂട്ടറുകളിലൊന്നാണ് സുസുക്കി ആക്‌സസ് 15. നാല് വകഭേദങ്ങള്‍. വില 80,891 രൂപ മുതല്‍ 97,084 രൂപ വരെ. 124സിസി എന്‍ജിന്‍ പരമാവധി 8.3ബിഎച്ച്പി കരുത്തും 10.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. കളര്‍ ടിഎഫ്ടി കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലാംപും ടെയില്‍ ലാംപും, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിങ്, ഈസി സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ടിവിഎസ് ജൂപിറ്റര്‍
ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ ജൂപിറ്റര്‍ 110 സിസിയിലും 125സിസിയിലും ലഭ്യമാണ്. 110 സിസി 8.39ബിഎച്ച്പി കരുത്തും 9.8എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 110 സിസി ജൂപിറ്ററിന്റെ വില 72,400 രൂപ മുതല്‍ 89,500 രൂപ വരെയാണ്. കൂടുതല്‍ വലിയ 124.8സിസി എന്‍ജിന്‍ 8.05 ബിഎച്ച്പി കരുത്തും 9.8എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജായ 33 ലീറ്റര്‍ ഈ മോഡലിന് സ്വന്തമാണ്. കണക്ടഡ് ഫീച്ചറുകള്‍, ഡിസ്‌ക്ക് ബ്രേക്ക്, എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവയാണ് അധികമായെത്തുന്ന ഫീച്ചറുകള്‍. എക്‌സ് ഷോറൂം വില 84,200 രൂപ മുതല്‍ 92,100 രൂപ വരെ.
ഹോണ്ട ആക്ടിവ
ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ ഒരേയൊരു രാജാവാണ് ഹോണ്ട ആക്ടിവ. 2001ല്‍ പുറത്തിറങ്ങിയ ആക്ടിവ ഇതുവരെ 3.50 കോടി യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ആക്ടിവ 110, ആക്ടിവ 125, ആക്ടിവ-ഐ മോഡലുകളില്‍ ആക്ടിവ എത്തുന്നു. 125സിസി മോഡലിലെ 123.92സിസി എന്‍ജിന്‍ 8.2 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 110സിസി മോഡലിലെ 109.51സിസി എന്‍ജിന്‍ 7.88ബിഎച്ച്പി കരുത്തും 9.05എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ഡിസ്‌ക്ക് ബ്രേക്ക്, ടിഎഫ്ടി മീറ്റര്‍, സ്മാര്‍ട്ട് കീ ഫീച്ചര്‍, ഹോണ്ട റോഡ്‌സിങ്ക് വഴിയുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്വിച്ച് യൂണിറ്റ്, 15 വോള്‍ട്ട് യുഎസ്ബി ചാര്‍ജിങ്, അഡ്വാന്‍സ്ഡ് ഐഡില്‍ സ്‌റ്റോപ്പ് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 110 സിസി ആക്ടിവക്ക് 74,619 രൂപ മുതല്‍ 87,944 രൂപ വരെയാണ് വില. ആക്ടിവ 125സിസി മോഡലിന് 88,589 രൂപ മുതല്‍ 92,233 രൂപ വരെയാണ് വില.
















