മരട് കണ്ണാടിക്കാട് ജെവികെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ സീരിയൽ നടി ഉൾപ്പെടെ 3 പേർ പിടിയിൽ. ആലുവയിൽ വാടകയ്ക്കു താമസിക്കുന്ന സീരിയൽ നടിയും തിരുവനന്തപുരം സ്വദേശിനിയുമായ അലീന(23), കൊല്ലം സ്വദേശികളായ ഷഹിൻ ഷാ(22), അൽ അമീൻ(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാൾ കൊണ്ട് നൽകിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവും(23) ഇവരുടെ കൂടെ സ്കൂട്ടറിൽ എത്തിയ ആളും ഒളിവിലാണ്.
നവംബർ 16ന് രാത്രി ആയിരുന്നു സംഭവം. സീരിയൽ നടിയും സുഹൃത്തുക്കളും കൂടെ ബാറിൽ മദ്യപിക്കുകയായിരുന്നു. ഇവിടേക്ക് മദ്യപിക്കാനായി എത്തിയവരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.ഇതിനിടയിൽ ബാർ ജീവനക്കാരൻ തർക്കം തീർക്കാനായി ഇടക്ക് കയറുകയും മൂന്നുപേരും ചേർന്ന് ഇയാളെ ഉപദ്രവിക്കുകയും ചെയ്തു. ബാർ ജീവനക്കാരൻ തന്നെ ഉപദ്രവിച്ചത് ചോദ്യം ചെയ്തത് സംഘർഷം കൂടാനുള്ള ഇടയായി.
ബഹളം രൂക്ഷമായപ്പോ മൂന്നുപേരും പുറത്തേക്ക് പോകുകയും വടിവാളും കത്തിയുമൊക്കെയായി രാത്രി പത്തോടെ തിരികെ ആക്രമിക്കാനായി വരുകയും ചെയ്തു. പിന്നീട് ഇടക്ക് ഇടക്ക് പുറത്തുപോകുകയും തിരികെ വരുകയും പലതവണ ആക്രമണം നടത്തുകയും ചെയ്തു എന്ന ബാർ ഉടമ പരാതി നൽകി.
പരസ്പരമുള്ള സംഘർഷത്തിൽ അലീനയുടെ കൈക്കും ഷഹിൻ ഷായുടെ മൂക്കിനും പരുക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയെങ്കിലും പിന്നീട് ഇവരെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നിർദേശിച്ചു. എന്നാൽ ഇവർ എറണാകുളം ഹോസ്പിറ്റലിൽ പോകാൻ വിസമ്മതിച്ച മരട് പിഎസ് മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നാണ് മരട് പൊലീസ് പിടികൂടിയത്. സംഘം ബാറിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
















