നീതിയുടെ നെഞ്ചിൽ ഭയം വിതച്ച്, മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു നീക്കവുമായി ഇസ്രായേൽ പാർലമെന്റ് (ക്നെസെറ്റ്) മുന്നോട്ട് പോവുകയാണ്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ആവശ്യപ്പെടുന്ന ബിൽ ഒന്നാം വായനയിൽ പിന്തുണ നേടിയിരിക്കുന്നു. ഇസ്രായേൽ സൈന്യം പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുന്നുവെന്ന ആരോപണങ്ങൾ ലോകമെമ്പാടും ഉയരുമ്പോൾ, ഈ പുതിയ നിയമനിർമ്മാണ ശ്രമം മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പലസ്തീനികൾക്കെതിരായ മറ്റൊരു ‘നിർമ്മാർജ്ജന’ (Extermination) പ്രക്രിയയിലേക്കുള്ള ചുവടുവെപ്പാണോ എന്ന ഭയം ശക്തമാവുന്നു.
നാസി ജർമ്മനി നടത്തിയ വംശഹത്യയെ (ഹോളോകോസ്റ്റ്) ജൂതർക്കെതിരായ അതിക്രമമായി മാത്രം ചുരുക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്ന വിമർശനം ഈ ബിൽ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ പ്രസക്തമാവുന്നു. നാസികൾ തങ്ങളുടെ ധാരണയിൽ ‘അൺഫിറ്റ്’ എന്ന് കണക്കാക്കിയ എല്ലാ വിഭാഗങ്ങൾക്കെതിരെയും വംശഹത്യ നടത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ പാതിപേർ ജൂതരായിരുന്നെങ്കിൽ, ബാക്കി പകുതിയിൽ ജിപ്സികൾ (റോമ), അംഗവിഹീനർ (T4 “euthanasia” program), പോളിഷ്, സ്ലോവാക് സിവിലിയന്മാർ, സോവിയറ്റ് യുദ്ധത്തടവുകാർ, കമ്മ്യൂണിസ്റ്റുകാർ, തൊഴിലാളി യൂണിയൻ പ്രവർത്തകർ, ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBTQ+ individuals), യഹോവയുടെ സാക്ഷികൾ എന്നിവരും ഉൾപ്പെടുന്നു. ഈ ഇരകൾക്ക് അർഹമായ ദയയും പരിഗണനയും ലഭിക്കാത്തത് നീതിനിഷേധമാണ്. നാസി അതിക്രമത്തിന്റെ ഇരകളായവർ, ഇന്ന് മറ്റൊരു ജനതയുടെ മേൽ സമാനമായ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസമായി വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ ക്നെസെറ്റ് പരിഗണിക്കുന്ന വധശിക്ഷാ ബില്ലിന്, 1935 സെപ്റ്റംബർ 15-ന് നാസികൾ പാസാക്കിയ ‘ന്യുറംബർഗ്ഗ് ലോ’ (Nuremberg Laws) യുമായി സാമ്യമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ജർമ്മൻകാർ ഒഴികെയുള്ള ‘അൺഫിറ്റ്’ ആയവരെ വിവേചനത്തോടെ കാണാനും അവകാശങ്ങൾ നിഷേധിക്കാനും വേണ്ടിയുള്ള നിയമനിർമ്മാണമായിരുന്നു ന്യുറംബർഗ്ഗ് ലോ. തുടർന്ന് ഏകദേശം 1.2 കോടി മനുഷ്യരെ കൊന്നൊടുക്കുന്നതിലേക്ക് നയിച്ചതിന്റെ തുടക്കമായിരുന്നു ആ നിയമം. 90 വർഷങ്ങൾക്കിപ്പുറം, അതിലും ഗുരുതരമായ ഒരു നിയമമാണ് ഇസ്രായേൽ പരിഗണിക്കുന്നത്. 1954-ൽ സിവിൽ കുറ്റവാളികളുടെ വധശിക്ഷ നിരോധിച്ച ഒരു രാജ്യം ഇപ്പോൾ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്, പലസ്തീനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം ശക്തമാണ്.
ഇസ്രായേലിലെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന കടുത്ത വിവേചനങ്ങളെ ഈ ബിൽ കൂടുതൽ വഷളാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ കുറ്റം ചുമത്തപ്പെടുന്ന പലസ്തീനികളുടെ കേസുകൾ മിലിട്ടറി കോടതികളാണ് (IDF Military Court) പരിഗണിക്കുന്നത്. എന്നാൽ, ഇതേ കുറ്റങ്ങൾ ചെയ്യുന്ന ഇസ്രായേലി സെറ്റിലർമാരുടെ കേസുകൾ സിവിൽ കോടതികളാണ് പരിഗണിക്കുന്നത്. ഈ മിലിട്ടറി കോടതികൾ മനുഷ്യത്വരഹിതമായ നിയമങ്ങൾക്ക് വിധേയമാണ്. ഇവിടെ പലസ്തീൻ കുറ്റാരോപിതരിൽ 90-95% പേരും ശിക്ഷിക്കപ്പെടുന്നു. കൂടാതെ, അഡ്വക്കേറ്റ് സഹായം നിഷേധിക്കുക, ദ്വിഭാഷിയെ ഒഴിവാക്കുക തുടങ്ങിയ കടുത്ത അനീതികളും മിലിട്ടറി കോടതികളിൽ നടക്കുന്നത്
നിലവിൽ, മിലിട്ടറി കോടതികളിൽ വധശിക്ഷ നടപ്പാക്കണമെങ്കിൽ ജഡ്ജിമാരുടെ ഏകകണ്ഠമായ തീരുമാനം ആവശ്യമാണ്. എന്നാൽ, പുതിയ കരട് നിയമത്തിൽ, ഇത് ഭൂരിപക്ഷ തീരുമാനമാക്കി മാറ്റാനാണ് നിർദ്ദേശിക്കുന്നത്. ക്നെസെറ്റിലെ അടുത്ത രണ്ട് വായനകളിൽ കൂടി ഈ നിയമം പാസായാൽ, ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നിരവധി പലസ്തീൻ കുറ്റാരോപിതർ വധശിക്ഷയ്ക്ക് വിധേയരാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആശങ്കപ്പെടുന്നത്. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവ ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘കാച്ച്’ (Kach/Kahanist) എന്ന ജൂത സംഘടനയുമായി നേരിട്ട് ബന്ധമുള്ള ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇത്മാർ ബെൻ-ഗ്വിർ ആണ് ബിൽ പാസാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വംശഹത്യ നിയമപരമാക്കുന്നതിനുള്ള നടപടികളാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, അഭിനവ നാസികളായ സയണിസ്റ്റുകളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ലോകം മറ്റൊരു വലിയ വംശഹത്യയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു.
















