കുട്ടികളുടെ ഭാരക്കുറവ് പോലെ ഭാരക്കൂടുതലും വലിയൊരു ആരോഗ്യ പ്രശ്നമാണ്. നിരവധി കുട്ടികൾ പൊണ്ണത്തടിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കണക്കുകൾ നോക്കുകയാണെങ്കിൽ ലോകത്തിൽ 39 കോടി കുട്ടികൾ പൊണ്ണത്തടിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കുട്ടികളുടെ ശരിയായ ഭാരം എത്രയായിരിക്കണം? ആ ഭാരം നിലനിർത്താനുള്ള വിവിധ ആരോഗ്യ വഴികൾ എന്തെല്ലാമാണ്? എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.
അസന്തുലിതമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിങ്ങനെ പല കാരണങ്ങളാണ് കുട്ടികളുടെ പൊണ്ണത്തടിക്ക് പിന്നിൽ. കുട്ടികളിലെ പൊണ്ണത്തടിക്ക് അവർ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. മിക്ക കുട്ടികളും അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പ്, ഹൈഡ്രജനേറ്റഡ് ഓയിലുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ ഫ്ലേവറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ, ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. അമിതമായി രുചികരമായ ഇത്തരം ഭക്ഷണങ്ങൾ ചെറുപ്രായത്തിലേ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകും. ദി ലാൻസെറ്റ് അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 43 ആഗോള വിദഗ്ധർ രചിച്ച റിപ്പോർട്ട് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടുന്നു.
ലാൻസെറ്റ് പരമ്പര മുന്നറിയിപ്പ് നൽകുന്ന അൾട്രാ പ്രോസസ് ഭക്ഷണങ്ങളുടെ വർധനവിന് ഇന്ത്യയും സാക്ഷ്യം വഹിക്കുകയാണ്. പഠനത്തിന്റെ സഹ-രചയിതാവും ന്യൂട്രീഷൻ അഡ്വക്കസി ഫോർ പബ്ലിക് ഇന്ററസ്റ്റ് കൺവീനറും പ്രധാനമന്ത്രിയുടെ കൗൺസിൽ ഓൺ ഇന്ത്യാസ് ന്യൂട്രീഷൻ ചലഞ്ചസിന്റെ മുൻ അംഗവുമായ ഡോ. അരുൺ ഗുപ്ത പറയുന്നത് ഇങ്ങനെ; ‘വലിയ മാർക്കറ്റിങ്, പരസ്യ കാമ്പെയ്‌നുകൾ എന്നിവയിൽ ആകൃഷ്ടരായി ആളുകൾ പരമ്പരാഗത ഭക്ഷണങ്ങൾക്കു പകരം അൾട്രാ-പ്രോസസ്ഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് വർധിച്ചുവരുന്നു.
എന്നാൽ, അൾട്രാ-പ്രോസസ്ഡ് ഭക്ഷണ ഉപഭോഗത്തെക്കുറിച്ച് ഇന്ത്യയുടെ പക്കൽ കൃത്യമായ ഡാറ്റയില്ല. മാർക്കറ്റിങ് നിയന്ത്രിക്കുന്നതിന് നമ്മുടെ നിയന്ത്രണങ്ങൾ ഫലപ്രദവുമല്ല. വരും വർഷങ്ങളിൽ പൊണ്ണത്തടിയും പ്രമേഹവും തടയാൻ നടപടിയെടുക്കാനും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറക്കാനും ഇന്ത്യ ഉടനടി നടപടിയെടുക്കണം. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് ഇന്ത്യ ശക്തമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
എന്താണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ?
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നത് ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ കടന്നുപോകുന്നവയാണ്. ഇതിൽ സ്വാഭാവിക ഘടകങ്ങൾ വളരെ കുറവായിരിക്കും. പകരം ആഡിറ്റീവുകൾ, പ്രീസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ, എമൾസിഫയർസ് തുടങ്ങിയവ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണത്തിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കും. കൂടാതെ ദീർഘനേരം സൂക്ഷിക്കാൻ സൗകര്യപ്രദമായ രീതിയിലായിരിക്കും ഇവ രൂപകൽപന ചെയ്‌തിരിക്കുന്നത്. ശീതളപാനീയങ്ങൾ, ചിപ്‌സ്, ചോക്ലേറ്റ്, മിഠായി, ഐസ്‌ക്രീം, മധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങൾ, പായ്ക്ക് ചെയ്ത സൂപ്പുകൾ, ചിക്കൻ നഗ്ഗറ്റുകൾ, ഹോട്ട്‌ഡോഗുകൾ, ഫ്രൈകൾ, റെഡി-ടു-ഹീറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
















