ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ണൂർ കോയേരി സ്വദേശിയായ മനോഹരന്റേതായിരിക്കാമെന്ന് റെയിൽവേ പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂർ എടക്കാട് ട്രെയിൻ തട്ടി മരിച്ച മനോഹരന്റെ ശരീരത്തിൽ നിന്ന് ഒരു കാൽ കാണാതായിരിക്കുകയായിരുന്നു.
സംഭവത്തിനുശേഷം നടത്തിയ പരിശോധനയിൽ, മനോഹരനെ തട്ടിയ അതേ ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോൾ കാലിന്റെ ഭാഗം ട്രാക്കിൽനിന്ന് വീണതാകാമെന്ന് പൊലീസ് കണ്ടെത്തി.
റെയിൽവേ ജീവനക്കാർ എറണാകുളം–ആലപ്പുഴ മെമു ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റുന്നതിനിടെ അഴുകിയ നിലയിൽ ഇടത് കാലിന്റെ പാദം മുതൽ കാൽമുട്ട് വരെ ഉള്ള ഭാഗം കണ്ടെത്തുകയായിരുന്നു. സംഭവം ബന്ധപ്പെടുത്തി റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, അടുത്തിടെ മെമു സർവീസ് നടത്തുന്ന വിവിധ റൂട്ടുകളിലുണ്ടായ അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. അതോടെയാണ് കണ്ണൂരിലെ അപകടവും മനോഹരന്റെ മരണവിവരവും തമ്മിൽ ബന്ധം കണ്ടെത്തിയത്.
കാലിന്റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡിഎൻഎ റിപ്പോർട്ട് ലഭിച്ചാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.
















