ഇരവിപുരം: പോത്ത് വളർത്തലിനെ മറവാക്കി നയിച്ച വൻ ലഹരി വിൽപ്പന ശൃംഖല പൊളിച്ചെഴുതി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന നിരോധിത ഗുളികകളുടെ വലിയ ശേഖരം പിടികൂടി. മയ്യനാട് കുറ്റിക്കാട് പ്രദേശത്ത് ബോംബെ അനന്തുവിന്റെ പുരയിടത്തിലാണ് മരുന്നുകളുടെ സംഭരണകേന്ദ്രം കണ്ടെത്തിയത്. തൈറോയ്ഡ്, ക്യാൻസർ ചികിത്സ തുടങ്ങി നിയന്ത്രിത പ്രിസ്ക്രിപ്ഷൻ മരുന്നുകളായി കണക്കാക്കപ്പെടുന്ന ഗുളികകളാണ് പ്രധാനമായും പിടികൂടിയത്.
ലഹരി വിൽപനയുടെ മുഖ്യ വിതരണക്കാരായ മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റ് സ്വദേശികളായ ഫ്രാൻസിസ്, അലക്സാണ്ടർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് രണ്ട് പോത്തുകളെ വളർത്തുന്നതിനായി ചുറ്റുമതിൽ പണിതെടുക്കുകയും അതിന്റെ മറവിൽ നിരോധിത മരുന്നുകളുടെ സ്റ്റോക്ക് സൂക്ഷിക്കുകയും ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പോത്തുകളുടെ സംരക്ഷണത്തിനായി എന്ന വ്യാജേന ഫ്രാൻസിസും അലക്സും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളടക്കമുള്ള യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, ഗ്രേഡ് എസ്.ഐ നൗഷാദ്, സി.പി.ഒമാരായ അനീഷ്, സജിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
















