കൽപ്പറ്റ: വയനാട്ടിൽ സിപ്പ്ലൈൻ അപകടം സംഭവിച്ചതായി തോന്നിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃത്രിമ വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് സൈബർ പൊലീസിന്റെ വലയിലാണ് വീണത്. ആലപ്പുഴയിലെ തിരുവമ്പാടി തൈവേലിക്കകം വീട്ടിൽ കെ. അഷ്കർ (29) എന്നയാളെ തിങ്കളാഴ്ച വൈകുന്നേരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം പിടികൂടി.
സ്ത്രീയും കുട്ടിയും സിപ്പ്ലൈനിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്നതുപോലെ കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പ്രതി എ.ഐ പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിർമ്മിച്ചത്. ‘അഷ്കറലി റിയാക്ട്സ്’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും സാമൂഹ്യവിഭാഗങ്ങളിൽ ആശങ്ക സൃഷ്‌ടിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 30ന് വയനാട് സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം ശക്തമാക്കിയതോടെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമം, പരിക്കേൽപ്പിക്കൽ, എൻ.ഡി.പി.എസ് അടക്കമുള്ള പഴയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സമൂഹത്തിൽ ഭീതിയും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സബ് ഇൻസ്പെക്ടർ മുസ്തഫ, എസ്.സി.പി.ഒ നജീബ്, സി.പി.ഒ മുസ്‌ലിഹ് എന്നിവർ അന്വേഷണ സംഘത്തിൽ പങ്കെടുത്തു.
















