ദുബായ്: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ അവധി. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി നാലു ദിവസം ആണ് അവധി ലഭിക്കുക.
ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. തുടർച്ചയായ അവധി ലഭിക്കുമെങ്കിലും പൊതുജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കില്ല. സേവനങ്ങൾ മുടങ്ങാത്ത രീതിയിൽ ഇത്തരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കാൻ അതത് സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. നേരത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
















