വടകര: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെമ്മരത്തൂർ ടൗണിൽ സ്ഥാപിച്ച ബിജെപി പ്രചരണ ബോർഡ് കാണാതായതിനെ തുടർന്ന് പ്രദേശത്ത് വിവാദം രൂക്ഷമാകുന്നു. തിരുവള്ളൂർ പഞ്ചായത്തിലെ 21-ാം വാർഡ് സ്ഥാനാർത്ഥിയായ ശ്രീകാന്ത് തായാട്ടിന് വേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ബോർഡാണ് രാത്രി സമയത്ത് അപ്രത്യക്ഷമായത്.
ഇന്നലെ ഉച്ചയ്ക്കാണ് ബോർഡ് സ്ഥാപിച്ചത്. ഇന്ന് രാവിലെ പ്രവർത്തകർ എത്തിയപ്പോൾ ബോർഡ് പൂർണ്ണമായും കെട്ടുപൊളിച്ച് കാണാതായ നിലയിലായിരുന്നു. സിസിടിവി ക്യാമറയുള്ള ഒരു സ്ഥാപനത്തിന്റെ മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്. അതിനാൽ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ചാൽ മതി എന്നതാണ് ബിജെപിയുടെ നിലപാട്.
ബോർഡ് കാണാതായതിൽ ബിജെപി വാർഡ് യോഗം ശക്തമായി പ്രതിഷേധിച്ചു. നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്നും, പ്രതികളെ വേഗത്തിൽ കണ്ടെത്തി നടപടിയെടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ കെ.വി. രാജീവൻ, ശ്രീകാന്ത് തായാട്ട്, ചക്കേരി ലിബേഷ്, ഷിജേഷ് സി.എം. എന്നിവർ പ്രസംഗിച്ചു.
















