‘ടെഡി ബെയർ’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുക വലിയയൊരു ബൊമ്മ ആകുമല്ലേ? എന്നാൽ ഇനി പറയാൻ പോകുന്നത് ആ ടെഡി ബെയറിനെക്കുറിച്ചല്ല. ടെഡി ബെയർ ചോല എന്ന സസ്യത്തെപ്പറ്റിയാണ്. തെക്കുപടിഞ്ഞാറൻ യുഎസിലെയും വടക്കൻ മെക്സിക്കോയിലെയും മരുപ്രദേശങ്ങളിൽ കാണാൻ കഴിയുന്ന ഒരിനം കള്ളിമുൾച്ചെടിയുടെ പേരാണ് ടെഡി ബെയർ ചോല. പേര് കേട്ട് ഇതിനെ ഒമാനിക്കാമെന്നോ കെട്ടിപ്പിടിക്കാമെന്നോ കരുതിയവർക്ക് തെറ്റി. വലിയ ആപത്തായിരിക്കും നിങ്ങൾ ക്ഷണിച്ചുവരുത്താൻ പോകുന്നത്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ മൃദുരോമങ്ങൾ പോലെ തോന്നിക്കുന്ന ചെടിയാണ് ഇത്. പക്ഷെ ഇവ യഥാർത്ഥത്തിൽ കൂർത്ത മൂർച്ചയേറിയ മുള്ളുകളാൽ നിറഞ്ഞുനിൽക്കുന്ന ഒരു ചെടിയാണ്.
അപകടകാരിയായ ഈ ചെടിയുടെ പ്രധാനപ്പെട്ട ഭാഗം ഈ മുള്ളുകൾ തന്നെയാണ്. മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളിൽ രക്ഷ, പ്രജനനത്തിനുള്ള വഴി എന്നിങ്ങനെ വിവിധ ദൗത്യങ്ങൾ ഈ മുള്ളുകൾ നിർവഹിക്കുന്നു. ടെഡി ബെയർ ചെടിയുടെ മുള്ളുകൾക്കു ചൂണ്ടകളുടേതു പോലെ പിന്നോട്ടുവളഞ്ഞ ചെറിയ കൊളുത്തുകളുണ്ട്. തൊടുമ്പോൾ ഇവ ചെടിയിൽനിന്ന് എളുപ്പത്തിൽ വേർപെടും. ഇവ ചർമത്തിൽ തുളച്ചുകയറിയാൽ ഊരിയെടുക്കാൻ പ്രയാസമാണ്, അതിവേദനയുമുണ്ടാകും.അസ്വസ്ഥതയ്ക്കും നീർവീക്കത്തിനും അണുബാധയ്ക്കും ഈ മുള്ളുകൾ കാരണമാകും. ചെടിയുമായി സമ്പർക്കമുണ്ടായാൽ ചെറിയ തോതിൽ രക്തസ്രാവവും ഉണ്ടാകാം.
മുള്ളുകൾ എളുപ്പത്തിൽ വേർപെടുന്നതുകൊണ്ട് ടെഡി ബെയർ ചോലയെ ‘ചാടുന്ന’ കള്ളിമുൾച്ചെടി എന്നും വിളിക്കാറുണ്ട്. വഴിയാത്രക്കാരുടെ മേൽ ‘ചാടിവീഴുന്നത്’ പോലെ തോന്നുന്നതുകൊണ്ടാണ് ഈ പേര്. ഇതിന്റെ തണ്ടുകളിലോ മുള്ളുകളിലോ ചെറുതായി ഒന്നുരസിയാൽ മതി, മുള്ളുകവ് ചർമ്മത്തിലോ തുണിയിലോ കൊളുത്തിപ്പിടിക്കും. വേർപെട്ടുപോരുന്ന ഈ ഭാഗങ്ങൾ മൃഗങ്ങളുടെയോ മനുഷ്യരുടെയോ ദേഹത്ത് പറ്റിപ്പിടിച്ച് പല സ്ഥലങ്ങളിൽ എത്തുകയും അവിടെ വേരുപിടിച്ച് പുതിയ ചെടികളായി വളരുകയും ചെയ്യുന്നു. ഈ രീതിയിലുള്ള പ്രജനനം മരുഭൂമിയിലുടനീളം വ്യാപിക്കാൻ ചെടിയെ സഹായിക്കുന്നു.
ഈ ചെടിയുടെ അടുത്ത് പോകുമ്പോൾ നമ്മൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിയുടെ ചുവട്ടിൽ കൊഴിഞ്ഞുവീണ ഭാഗങ്ങൾ ചിതറിക്കിടക്കുന്നതിനാൽ ആ പ്രദേശം കൂടുതൽ അപകടകരമാണ്. മുള്ളുകൾ ശരീരത്തിൽ തറച്ച് കയറാൻ സാധ്യതയുണ്ട്. ഇനി മുള്ള് ശരീരത്തിൽ കൊണ്ട്കയറിയെന്നിരിക്കട്ടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാത്രമേ ആ മുള്ളുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളു. ഇതിനു വേണ്ടി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതായി വരും. ഉപ്പുവെള്ളം ഉപയോഗിച്ച് ചർമ്മത്തിൽ തറച്ച മുള്ളുകൾ മൃദുവാക്കാമെങ്കിലും, നീക്കം ചെയ്യുന്ന പ്രക്രിയ ശ്രമകരമാണ്. ചിലപ്പോൾ മുള്ളുകൾ നീക്കം ചെയ്യാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
ടെഡി ബെയർ ചോല ചെടിയുടെ മുള്ളുകൾക്ക് വിഷമില്ലെങ്കിലും ഇവ ശരീരത്തിൽ കൊള്ളുന്നത് മൂലമുണ്ടാകുന്ന നീർവീക്കം കോശകലകൾക്ക് നാശമുണ്ടാക്കും. മുള്ളുകളുടെ ഘടനമൂലം ടെഡി ബെയർ ചോല മരുഭൂമിയിലെ ഏറ്റവും അപകടകാരിയായ സസ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ ടെഡി ബെയർ ചെടിയുടെ പഴങ്ങളും പൂക്കളും പക്ഷികൾ, എലികൾ, പ്രാണികൾ തുടങ്ങിയവ ആഹാരമാക്കാറുണ്ട്.
















