രാജ്യവ്യാപകമായി അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്‌മെന്റ്–ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയായ പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കേസിൽ കൂടുതൽ മലയാളികൾക്ക് പങ്കുള്ളതായും ഏജൻസി സൂചന നൽകുന്നു.
മെഡിക്കൽ ടൂറിസം സ്ഥാപനമെന്ന വ്യാജേന മധു ജയകുമാർ ആരംഭിച്ചതാണ് ‘സ്റ്റെമ്മ ക്ലബ്’. എന്നാൽ, മനുഷ്യക്കടത്തിനും അവയവക്കച്ചവടത്തിനുമുള്ള മറയായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. അവയവക്കടത്തുമായി ബന്ധപ്പെട്ട പണം എത്തിയിരുന്നത് സ്റ്റെമ്മ ക്ലബിന്റെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എൻഐഎ.
റാക്കറ്റിന്റെ പ്രധാന അവയവദാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഇറാനാണ്. അവയവ ദാതാക്കളെ പ്രധാനമായും കണ്ടെത്തിയിരുന്നത് കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ, അവയവങ്ങൾ ആവശ്യമുള്ളവർ കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ഓരോ വൃക്ക ഇടപാടിനും ആവശ്യക്കാരിൽ നിന്ന് 50 ലക്ഷം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. അവയവദാനത്തിനായി ദാതാക്കൾക്ക് 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ദാനം ചെയ്ത ശേഷം മിക്കവർക്കും ഈ തുക പൂർണമായി നൽകിയിരുന്നില്ലെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.
തൃശൂർ സ്വദേശി സാബിത് നാസർ കഴിഞ്ഞ വർഷം മേയ് 18ന് നെടുമ്പാശേരിയിൽ വെച്ച് പിടിയിലായതോടെയാണ് രാജ്യത്തെ നടുക്കിയ അവയവക്കടത്ത് സംഭവം പുറത്തുവരുന്നത്. കൊച്ചി, കുവൈത്ത്, ഇറാൻ എന്നീ റൂട്ടുകളിൽ നിരന്തരമായി യാത്ര ചെയ്തിരുന്ന സാബിത്തിന്റെ പ്രധാന ജോലി, വൃക്ക നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തി അവരെ ഇറാനിലേക്കും തിരികെയും എത്തിക്കുക എന്നതായിരുന്നു.
വൃക്കദാനം നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ നിർമ്മിച്ചാണ് ഇയാൾ ആളുകളെ കടത്തിയിരുന്നത്. സാബിത്തിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശിയായ മൂന്നാം പ്രതി ബെല്ലംകൊണ്ട രാമപ്രസാദും അറസ്റ്റിലായി. ഇവരുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കൊച്ചി എടത്തല സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത്ത് ശ്യാമിനേയും പിന്നാലെ കസ്റ്റഡിയിലെടുത്തു.
റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച മധു ജയകുമാറിനെ നവംബർ ഏഴിന് ഇറാനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ആദ്യം കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ്, പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി മധു ജയകുമാറിനെ ഈ മാസം 24 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റാക്കറ്റിന്റെ കൂടുതൽ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ എൻഐഎ.
















