കണ്ണൂർ: കാർ വഴിയുള്ള ലഹരി കടത്തൽ ശ്രമം പൊലീസ് തകർത്തു. എം.ഡി.എം.എ കയറ്റി കൊണ്ടുപോകുന്നതിനിടെ രണ്ടുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അവേരപ്പറമ്പ് നിഹലാസിൽ നിദാൽ മുഹമ്മദ് (33), ഇരിണാവ് മടക്കര പാലത്തിന് സമീപം പുതിയപുരയിൽ ഹൗസിൽ പി.പി. ഫാസിൽ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എടക്കാട് ഇൻസ്പെക്ടർ കെ.വി. ഉമേശൻ്റെ നേതൃത്വത്തിൽ എസ്.ഐ എൻ. ദിജേഷ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. എടക്കാട് ചിറക്ക് താഴെ അംഗൻവാടിക്ക് സമീപമുണ്ടായിരുന്ന കാർ കണ്ട് സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് തടഞ്ഞുനിർത്തി പരിശോധന നടത്തി. ഇതിൽ നിന്ന് 0.770 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. ലഹരി പാക്കറ്റുകൾ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ലഭിച്ചത്.
എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ റിജിൻ കടമ്പൂർ, നിബിൻ പിണറായി, പ്രത്യൂഷ് മേലൂർ, നിഥിൻ കീഴത്തൂർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
















