ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാണ്. പലർക്കും ഹെൽമെറ്റ് വക്കാൻ മടിയാണ്. അതിനു പ്രധാനകാരണം നന്നായി ചീകി വച്ച മുടിയുടെ മുകളിൽ ഹെൽമെറ്റ് വെക്കുമ്പോൾ അത് കുളമാകുന്നത് തന്നെയാണ്. ഹെല്‍മറ്റ് ധരിക്കുന്നത് കൊണ്ട് പലർക്കും ഉണ്ടാകുന്ന മറ്റൊരു പ്രശ്‍നം മുടി കൊഴിച്ചിലാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെക്കുറെ ആ പ്രശ്നത്തിന് പരിഹാരം കാണാം.
മുടികൊഴിച്ചിലിനെയും ഹെൽമറ്റ് ഉപയോഗത്തെയും കുറിച്ച് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഹെൽമറ്റ് ധരിച്ചാൽ തല ചൂടാകുകയും വിയർപ്പ് കൂടുകയും ചെയ്യുന്നത് മുടിവേരുകൾക്ക് സമ്മർദമായി മാറും. ഇതുവഴി മുടിവേരുകൾ ദുര്‍ബലപ്പെടുകയും മുടി പൊട്ടിപ്പോകാനും കൂടുതൽ കൊഴിച്ചിലിനും വഴിയൊരുക്കുകയും ചെയ്യും. പലപ്പോഴും ശരിയായ വലിപ്പമല്ലാത്ത ഹെൽമറ്റ് ഉപയോഗിക്കുന്നത് തലയിൽ ഇറുകിയിരിക്കാൻ ഇടയാക്കി മുടിക്ക് കൂടുതൽ കേടുണ്ടാക്കും, മുടി പൊട്ടിപോകാനും ഇതുമതി.
നനഞ്ഞ മുടിയിലേക്ക് ഹെൽമറ്റ് നേരിട്ട് ധരിക്കുന്നത് വലിയ തെറ്റാണ്. നനഞ്ഞ മുടിയുടെ വേരുകൾ ഇതിനകം തന്നെ ദുർബലമായിരിക്കുമ്പോൾ ഹെൽമറ്റ് നൽകുന്ന സമ്മർദം മുടികൊഴിച്ചിൽ വേഗത്തിലാക്കും. അതുകൊണ്ട് യാത്രയ്‌ക്ക് മുൻപ് മുടി പൂർണമായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ, നനഞ്ഞതുകൊണ്ട് ഹെൽമറ്റ് ധരിക്കരുത് എന്ന തെറ്റിദ്ധാരണയിൽ ഹെൽമറ്റ് ഒഴിവാക്കരുത്, സുരക്ഷയ്ക്ക് ഹെൽമറ്റ് അത്യാവശ്യമാണ്.
ഹെൽമറ്റ് ധരിക്കുന്നവർ മുടി വൃത്തിയായി ശുചിയായി സൂക്ഷിക്കണമെന്നും ജാവേദ് ഹബീബ് വ്യക്തമാക്കുന്നു. ദിവസവും തലയോട്ടി വൃത്തിയായി കഴുകാതിരിക്കുമ്പോൾ പൊടി, എണ്ണ, വിയർപ്പ് എന്നിവ ഹെൽമറ്റിനുള്ളിൽ അടിഞ്ഞുകൂടി മുടികൊഴിച്ചിലിനും ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുടി മൂടി അതിൻമേൽ ഹെൽമറ്റ് ധരിക്കൽ മുടിയെ സംരക്ഷിക്കാൻ സഹായിക്കും.
ഹെൽമറ്റിന്റെ വൃത്തിയും അത്ര തന്നെയേ പ്രധാനമാണ്. അകത്ത് വിയർപ്പ്, പൊടി എന്നിവ കുടിഞ്ഞുകൂടാത്തതിനു വേണ്ടി ഹെൽമറ്റ് ഇടയ്ക്കിടെ കഴുകുകയോ വൃത്തിയായി തുടയ്ക്കുകയോ വേണം. കൂടാതെ, മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണം, കാരണം അതിലൂടെ തലയോട്ടി സംബന്ധമായ രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ട്.
















