തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടാന്‍ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരും ഇടപെട്ടു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു.
വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് നേരിട്ട് ഇടപെട്ടത്. ഈ ജീവനക്കാർ വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതായാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് ജി.എം.കാർത്തിക നടത്തിയ അന്വേഷണത്തിൽ 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
സൂപ്രണ്ട് ആർ. പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങിൽ വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്നു ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറൽ ഓഫിസർ കൂടിയായ അഡിഷനൽ സെക്രട്ടറി വി.സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കി.
കോര്‍പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ ഇതേസമയത്ത് അന്വേഷണം നടത്തിയിരുന്നു. വൈ്ഷണ താമസിക്കുന്ന വീട്ടിലെത്തി വീട്ടുകാരില്‍ നിന്ന് തങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും രണ്ട് വര്‍ഷമായി വേറാരുമില്ലെന്നും അവര്‍ സത്യവാങ്മൂലം എഴുതി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് ജി.എം.കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്‌ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്.
















