ഇരിട്ടി: വൃക്ക മാറ്റിവെക്കുന്നതിനായി ദാതാവിനെ കണ്ടെത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിലായി. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിലെ വി.എം. നൗഫൽ (32) ആണ് ആറളം പൊലീസ് സ്റ്റേഷൻ എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആയിപ്പുഴ ഫാത്തിമ മൻസിലിലെ ഷാനിഫ് (30) നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2024 ഡിസംബർ 8 മുതൽ കഴിഞ്ഞ ഒക്ടോബർ 18 വരെ ദാതാവിനെ ഒരുക്കിക്കൊടുക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ ഷാനിഫിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
നൗഫൽ ഉൾപ്പെടെ മൂന്ന് അംഗങ്ങളുള്ള സംഘമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം തിരൂർ അനന്താവൂരിലെ സി. നബിൽ അഹമ്മദിൽനിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി. സുലൈമാനിൽനിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂർ പഴയങ്ങാടി എം.കെ ഹൗസിൽ എം.കെ.
ഇബ്രാഹിമിൽനിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശ്ശേരി മടക്കരയിലെ ഷുക്കൂർ മടക്കരയിൽനിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്.
നൗഫൽ പിടിയിലായ വിവരം അറിഞ്ഞതോടെ നിരവധി പേർ ആറളം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചെറുതാഴം വാഴവളപ്പിൽ മൊട്ടമ്മൽ ഷഫീഖിൽ നിന്ന് വൃക്ക നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയാണ് ഏറ്റവും ഒടുവിൽ പരിയാരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനെ തുടർന്നാണ് മുഖ്യപ്രതിയെ ആറളം പൊലീസ് പിടികൂടിയത്.
ചികിത്സാ സഹായ കമ്മിറ്റികളിലെ ഭാരവാഹികളുമായി ബന്ധപ്പെടുകയും, ഫോണിലൂടെയും വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ‘തങ്ങളുടെ കസ്റ്റഡിയിൽ വൃക്ക ദാതാവുണ്ടെന്ന്’ വിശ്വസിപ്പിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സീനിയർ സി.പി.ഒ മനോജ്, സി.പി.ഒമാരായ സൗമ്യ കുര്യൻ, സജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















