കൊല്ലം കെ.എസ്.ആർ.ടി.സി. ബസ്സിൽ നിന്ന് മാല മോഷ്ടിച്ച സ്ത്രീയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെ കൊല്ലത്തുനിന്ന് 8:25-ന് പുറപ്പെട്ട ബസ്സിലാണ് മോഷണശ്രമം നടന്നത്. ഏഴുകോൺ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം.
പള്ളിമുക്ക്നിന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സായ സ്ത്രീയുടെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം വരുന്ന സ്വർണ്ണമാലയാണ് തമിഴ്‌നാട്ടുകാരിയായ മോഷ്ടാവ് പറിച്ചെടുത്തത്. എന്നാൽ മാല എടുക്കുന്നത് മനസിലാക്കിയ സ്ത്രീ ഉടൻ തന്നെ ബഹളം വെച്ചു.
രക്ഷപെടാനായി അടുത്തിരുന്ന വിദ്യാർത്ഥിയുടെ ദേഹത്തേക്ക് മാല വലിച്ചു എറിഞ്ഞു. എന്നാൽ, സമീപത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇത് കാണുകയും മോഷ്ടാവിനെ ഉടൻ തന്നെ പിടികൂടുകയും ചെയ്തു.
യാത്രക്കാർ ബഹളം വെച്ചതോടെ കണ്ടക്ടറും ഡ്രൈവറും ഉടൻ തന്നെ ബസ്സ് റോഡരികിൽ ഒതുക്കി ലോക്ക് ചെയ്യുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. യാത്രക്കാരുടെ സഹകരണത്തോടെ കള്ളിയെ പിടികൂടി വെച്ച ശേഷം സ്ഥലത്തെത്തിയ ഏഴുകോൺ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പോലീസ് ഇല്ലാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ്സിൽ വെച്ചുതന്നെയാണ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
മോഷണം പോയ മാല കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. അതേസമയം, കേരാപുരത്തുനിന്ന് ബസ്സിൽ കയറിയ ഈ സ്ത്രീ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരിയാണെന്നും, ഈ ബസ്സിൽ ഇത് മൂന്നാമത്തെ തവണയാണ് മോഷണശ്രമവും പോക്കറ്റടിയും നടക്കുന്നത് എന്നും ഡ്രൈവറും കോണ്ടുക്ടറും പറഞ്ഞു .
കടപ്പാട്: KOTTARAKKARA VARTHAKAL
















