മാവൂർ: ഉദ്യോഗസ്ഥരും ജാഗ്രതാ സംവിധാനങ്ങളും തിരഞ്ഞെടുപ്പിന്റെ തിരക്കിലായപ്പോൾ ചാലിയാർ പുഴയിൽ മണൽക്കടത്ത് തകൃതിയിൽ നടക്കുന്നു. മുൻപുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റുകളും ജാഗ്രതാ സമിതികളും പ്രവർത്തനരഹിതമായതോടെ മണലെടുപ്പ് സംഘങ്ങൾക്ക് ഇത് തുണയായി. പോലീസും തദ്ദേശവകുപ്പും ജനപ്രതിനിധികളും ചേർന്ന് സൃഷ്ടിച്ച ജാഗ്രതാ സമിതികൾ ഇപ്പോൾ പ്രവർത്തനരഹിതം.
പുഴകളിലെ മണലെടുപ്പ് തടയാൻ ജില്ലാ ഭരണകൂടത്തിന്റെ്റെ നിർദേശം അനുസരിച്ച് നേരത്തേ ചാലിയാറിലെ കടവുകൾ ചങ്ങലയിട്ടു കെട്ടിയടച്ചിരുന്നു. ചങ്ങല തകർത്ത് മണൽകടത്ത് തുടങ്ങിയതോടെയാണ് കടവുകളിൽ കോൺക്രീറ്റ് തൂണുകൾ സ്‌ഥാപിച്ചത്. എന്നാൽ മാവൂർ കൽപള്ളി കടവിലെ കോൺക്രീറ്റ് തൂണുകൾ തകർത്ത് പുഴയിൽ താഴ്ത്തി. പുഴയിലേക്ക് ലോറി ഇറക്കാൻ റോഡും വെട്ടിയിട്ടുണ്ട്.മണന്തലക്കടവിൽ കോൺക്രീറ്റ് തൂണുകൾക്കിടയിൽ കൂടിയാണ് റോഡു വെട്ടിയത്.
ജില്ലയിലെ മാവൂർ, പെരുവയൽ തുടങ്ങി പുഴയോര പഞ്ചായത്തുകളിലെയും പുഴയ്ക്ക് അക്കരെ മലപ്പുറം ജില്ലയിലെ കടവുകളിൽ നിന്നും മണലെടുപ്പ് തകൃതിയാണ്. ആവശ്യക്കാർക്ക് ചെറിയ വാഹനങ്ങളിൽ പോലും ചാക്കിൽകെട്ടി മണൽ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും സജീവമാണ്. മണലെടുപ്പ് തടയാൻ പൊലീസ് ശ്രമിക്കുന്നില്ല.
















