കൊല്ലം ജില്ലയിലെ അച്ചൻകോവിൽ ഭാഗത്ത് നിന്ന് നാല് ആദിവാസി കുട്ടികളെ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തിൽ. കഴിഞ്ഞ ദിവസം കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിഡബ്ല്യൂസി ഓഫീസിലും കലക്ടറേറ്റിലും സമീപിച്ചിരുന്നു.
15 ദിവസത്തിനകം കുട്ടികളെ വിട്ടുനൽകാം എന്നാണ് സിഡബ്ല്യൂസി അധികൃതർ അന്ന് അറിയിച്ചിരുന്നത്. എന്നാൽ, 15 ദിവസം കഴിഞ്ഞിട്ടും കുട്ടികളെ വിട്ടുനൽകുകയോ അവരുടെ മറ്റ് വിവരങ്ങൾ ലഭിക്കുകയോ ചെയ്യാത്തതിനെ തുടർന്ന് ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
സിഡബ്ല്യൂസിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിശദീകരണം ഞെട്ടിക്കുന്നതായിരുന്നു. വഴിയരികിൽ വസ്ത്രമില്ലാതെ മണ്ണിൽ കളിക്കുന്നതും, മണ്ണ് വാരി തിന്നുന്നതും, ഒരു കുട്ടിയെ ആരോ മർദ്ദിക്കുന്നതും കണ്ടതിനാലാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തതെന്നാണ് സിഡബ്ല്യൂസി അധികൃതർ അറിയിച്ചത്. വാർഡ് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അവർ പറയുന്നു.
എന്നാൽ, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സിഡബ്ല്യൂസി നടപടിയെ ശക്തമായി ചോദ്യം ചെയ്തു. അച്ചൻകോവിലിന് അടുത്തുള്ള ആദിവാസികൾ നാടുചുറ്റി സഞ്ചരിക്കുന്നവരും കൃത്യമായ താമസസ്ഥലമില്ലാത്തവരുമാണ്. അവർക്ക് നാലുനേരം ഭക്ഷണം ലഭിക്കണമെന്നില്ല. അതുപോലെ, വസ്ത്രം ധരിക്കാത്തതും അവരുടെ ജീവിതരീതിയിൽ സാധാരണമാണ്.
ഈ കാരണങ്ങൾ പറഞ്ഞ് കുട്ടികളെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നത് ശരിയല്ല. പട്ടിണിയാണ് പ്രശ്നമെങ്കിൽ, ട്രൈബൽ ഡിപ്പാർട്ട്മെന്റ് മുഖേനയും അങ്കണവാടികളിലെ പോഷകാഹാര വിതരണം വഴിയും ഗവൺമെന്റ് സഹായം നൽകുന്നുണ്ട്. കൂടാതെ കുട്ടികളുടെ പഠനത്തിനായി ഗവൺമെന്റ് സഹായങ്ങൾ ലഭ്യമാണെന്നിരിക്കെ എന്തിനാണ് കുട്ടികളെ പിടിച്ചുകൊണ്ടുപോയതെന്നും അവർ ചോദിച്ചു.
സിഡബ്ല്യൂസി നടപടി കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് അകറ്റി നിർത്തുന്നതിന് കാരണമായതായി ആദിവാസി ഐക്യവേദി ആരോപിക്കുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളിൽ ഒരാളുടെ അമ്മ ഇപ്പോൾ അഞ്ചാം മാസം ഗർഭിണിയാണ്. ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സിഡബ്ല്യൂസി ഓഫീസിൽ എത്തി ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന്, എല്ലാ വിവരങ്ങളും പരിശോധിച്ച് നവംബർ 24-ന് മറുപടി നൽകാമെന്ന് അധികൃതർ ഉറപ്പുനൽകി.
കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തരുതെന്നും, കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റും സംഘടന ചെയ്തുകൊടുത്തോളാമെന്നും ഐക്യവേദി പ്രസിഡന്റ് അറിയിച്ചു. തുടർനടപടികൾക്കായി നവംബർ 24-ലെ സിഡബ്ല്യൂസി മറുപടി കാത്തിരിക്കുകയാണ്.
















