മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള ഒരു പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപകൻ്റെ മർദ്ദനത്തിലും പീഡനത്തിലും മനംനൊന്ത് ജീവനൊടുക്കിയത് രാജ്യവ്യാപകമായി ഞെട്ടലുണ്ടാക്കുന്നു. നവംബർ 16-ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ നോട്ട്ബുക്കിൽ നിന്ന് അധ്യാപകനെതിരായ ഗുരുതര ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
മരണപ്പെട്ട വിദ്യാർത്ഥിനി സ്വയം എഴുതിയ കുറിപ്പിലാണ് അധ്യാപകൻ്റെ പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് സ്ഥിരീകരിച്ചു.
ശിക്ഷയുടെ മറവിൽ അധ്യാപകൻ തൻ്റെ വിരലുകൾക്കിടയിൽ പേന വെച്ച് അമർത്തിയതായി കുട്ടി ആരോപിച്ചു. അടിക്കുന്നതിനിടെ തൻ്റെ കൈ പിടിച്ച അധ്യാപകൻ, അയാളുടെ അടച്ച മുഷ്ടി തുറക്കാൻ വെല്ലുവിളിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
ബെഞ്ചിൽ ഇരിക്കുമ്പോൾ അധ്യാപകൻ തൻ്റെ കൈ പിടിച്ചുവെന്നും, ‘കൈ എത്ര തണുത്തതാണെന്ന്’ തന്നോട് പറയാറുണ്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















