ശബരിമല തീർഥാടന സീസൺ ആരംഭിച്ചതോടെ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം. പമ്പ ഡിപ്പോയുടെ അഞ്ച് ദിവസത്തെ വരുമാനം മൂന്ന് കോടി രൂപ കടന്നു. ദിവസേന 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ശരാശരി വരുമാനം, ഇത് കഴിഞ്ഞ തവണത്തേക്കാൾ ഇരുപത് ശതമാനം അധികമാണ്.
പമ്പ, നിലയ്ക്കൽ ചെയിൻ സർവീസുകൾക്കായി മാത്രം 170-ൽ അധികം ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിലേക്കും തടസ്സങ്ങളില്ലാത്ത യാത്രാ സൗകര്യം ഉറപ്പാക്കുന്നുണ്ട്. ഇതിനു പുറമെ, 14 ജില്ലകളിലെയും സർവീസിനൊപ്പം ഇതര സംസ്ഥാനങ്ങളിലേക്കും വൈകാതെ സ്വാമിമാർക്കായി ആന വണ്ടിയെത്തും. തടസ്സരഹിത സേവനത്തിനായി പരിചയസമ്പന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.
തിരക്കേറുന്നതിന് അനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടുന്നതിന് വിവിധ ഡിപ്പോകളിൽ നിന്നും കൂടുതൽ ബസുകൾ പമ്പയിലേക്ക് എത്തിക്കും.
















