ഗ്ലാസ് ട്രസ്റ്റ് കമ്പനിയും ബൈജൂസിന്റെ അനുബന്ധ സ്ഥാപനമായ ആൽഫയും തമ്മിലുള്ള നിർണായകമായ നിയമപോരാട്ടത്തിൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ വ്യക്തിപരമായി 107 കോടി ഡോളർ ഏകദേശം $1.07 ബില്യൺ ഗ്ലാസ് ട്രസ്റ്റിന് നൽകാൻ ബാധ്യസ്ഥനാണെന്ന് യു.എസ്. കോടതി ഉത്തരവിട്ടു. കോടതി നടപടികളോട് സഹകരിക്കാതിരുന്നതിനെ തുടർന്ന് ഡെലാവേർ ബാങ്ക്റപ്റ്റ്സി കോടതി സ്വമേധയാ എടുത്ത ഈ നടപടി ബൈജൂസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
യു.എസ്. ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങൾ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് 100 കോടി ഡോളർ വായ്പ അനുവദിച്ചിരുന്നു. എന്നാൽ, വായ്പാ വ്യവസ്ഥകൾ ലംഘിച്ച ബൈജൂസ്, ഇതിലെ 53.3 കോടി ഡോളറിന്റെ വായ്പാ തുക അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തിയെന്ന് ഗ്ലാസ് ട്രസ്റ്റ് ആരോപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ചത്. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായി കോടതി നേരത്തെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ബൈജു രവീന്ദ്രൻ അത് അവഗണിച്ചതായി കോടതി കണ്ടെത്തി.
തുടർന്നാണ്, കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രവീന്ദ്രൻ പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ കോടതി വ്യാഴാഴ്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തിപരമായി 107 കോടി ഡോളർ നൽകാൻ ബൈജു രവീന്ദ്രൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, കോടതി ഉത്തരവുകൾ അവഗണിച്ചതിന് രവീന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോടതി നിർദ്ദേശങ്ങൾ നിരസിക്കുകയോ വിചാരണയിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം വിചാരണ കൂടാതെ തീരുമാനമെടുക്കാൻ നിയമം കോടതിക്ക് അധികാരം നൽകുന്നുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. പാരീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, കേസിൽ രേഖകൾ സമർപ്പിക്കാനും തന്റെ വാദം രേഖപ്പെടുത്താനും മതിയായ സമയം ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കേസിൽ ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും ബൈജു രവീന്ദ്രൻ ആരോപിച്ചു.
















