ചേറ്റുവ: ദേശീയപാതയിലെ ഏങ്ങണ്ടിയൂർ ഏത്തായിയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആഴ്ചകളായി വെള്ളം പാഴാകുന്നുണ്ടെങ്കിലും അധികൃതരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടി കുടിവെള്ളം നേരിട്ട് റോഡിലേക്ക് ഒഴുകുകയാണ്.
ദേശീയപാതയെന്ന കാരണത്താൽ പൈപ്പ് അറ്റകുറ്റപ്പണി ദേശീയപാത കരാർ കമ്പനി ഏറ്റെടുക്കുന്നില്ല. മറ്റൊരുവശത്ത്, വാട്ടർ അതോറിറ്റിയും ഇടപെടാതിരുന്നതിനാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പ്രദേശത്ത് നിലനിൽക്കുകയാണ്. പൈപ്പ് പൊട്ടിയതോടെ നിരവധി പ്രദേശങ്ങളിലേക്ക് വെള്ളവിതരണം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.
ചേറ്റുവ-പടന്ന തീരദേശ മേഖലയിൽ കുടിവെള്ളവിതരണം ഇപ്പോൾ താറുമാറായിരിക്കുകയാണ്. ഏങ്ങണ്ടിയൂറിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്നും കാരുണ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. പലതവണ വാട്ടർ അതോറിറ്റിയെ സമീപിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.
വർഷങ്ങളായി തുടരുന്ന ഈ പ്രശ്നം ചൂണ്ടിക്കാട്ടി ലത്തീഫ് കെട്ടുമ്മൽ മുമ്പ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. കോടതി ഇടപെടലിനെ തുടർന്ന് രണ്ടുമാസത്തോളം വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും ക്ഷാമം രൂക്ഷമായതോടെ ആവശ്യമെങ്കിൽ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് ലത്തീഫ് കെട്ടുമ്മൽ വ്യക്തമാക്കി.
















