പാമ്പാടി: നെടുങ്ങോട്ടുമലയും പരിസര പ്രദേശങ്ങളും കാട്ടുപന്നികളുടെ അതിക്രമണത്തിൽ വലയുകയാണ്. റബർ കൃഷി ആശ്രയിച്ചുള്ള കർഷകരുടെ ജീവിതം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റബർമരങ്ങളെയാണ് കാട്ടുപന്നികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മരങ്ങളുടെ ചുവടുവശം കുത്തിപ്പൊളിക്കുകയും റബർതൊലി നശിപ്പിക്കുകയും ചെയ്യുന്ന ആക്രമണമാണ് പതിവായത്.
ചിങ്ങംകുഴി, ചാത്തൻപുരയിടം, കന്നുവെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യം കിഴങ്ങുവർഗങ്ങൾ മുഴുവൻ നശിപ്പിച്ച ശേഷമാണ് ഇപ്പോൾ റബർ തോട്ടങ്ങളിലേക്കു കടന്നത്. പുലർച്ചെ ടാപ്പിങ്ങിന് പോകാൻ തൊഴിലാളികൾ പേടിക്കുന്നു; മനുഷ്യർക്കും ആക്രമണ സാധ്യതയുണ്ടെന്ന ആശങ്കയാണ് പ്രധാന കാരണം.
കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു:“കാട്ടുപന്നിയെ നിയന്ത്രിക്കാൻ വിദഗ്‌ധരെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാരണം ജില്ല ഭരണകൂടം തോക്കുകൾ തിരികെ നൽകി എന്നാണ് മറുപടി. കോടതിയുടെ ഉത്തരവനുസരിച്ച് ക്രിമിനൽ കേസുകളിലെ പ്രതികൾ മാത്രം തോക്ക് തിരികെ നൽകേണ്ടതാണെങ്കിലും ജില്ലയിൽ മുഴുവൻ തോക്കുകളും അടയ്ക്കാനാണ് നിർദ്ദേശം. ഇതിനെതിരെ കോടതിയെ സമീപിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ റബറിന്റെ തൊലി കേടാകുന്നതോടെ പാലിന്റെ ഉൽപാദനവും വൻതോതിൽ കുറവാണെന്ന് കർഷകർ നിരാശയോടെ പറയുന്നു. സമീപ പ്രദേശങ്ങളിലാകെ കാട്ടുപന്നി ശല്യം തുടരുന്നതിനാൽ അടിയന്തര നടപടി സ്വികരിക്കണമെന്ന് കർഷകർ ആവശ്യമുന്നയിക്കുന്നത്.
















