പത്തനംതിട്ട തിരുവല്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ മദ്യനിർമാണശാലയിലെ (ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്) ഒരു താത്കാലിക ജീവനക്കാരി, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിൻ്റെ പേരിൽ സിപിഎം ഭീഷണി മുഴക്കിയതായി പരാതി. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനായി നൽകിയ നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ താൽക്കാലിക തൊഴിലാളികളുടെയെല്ലാം ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ താത്കാലിക ജീവനക്കാരിയായ ആശാമോൾക്കെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരം സഹപ്രവർത്തകർ ആശാമോൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ആശാമോൾ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കാരണം താൽക്കാലിക തൊഴിലാളികളുടെ കരാർ റദ്ദാക്കപ്പെടുമെന്നും, അത് 27 ഓളം പേരുടെ അന്നം മുട്ടിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നത്.
കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ കമ്പനിയിലെ താത്കാലിക ജീവനക്കാരുടെ ജനറൽബോഡി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ, ആശാമോളുടെ സ്ഥാനാർഥിത്വം പിൻവലിക്കുക എന്നത് സഹപ്രവർത്തകരുടെ ചുമതലയാണെന്നും, അല്ലാത്തപക്ഷം എല്ലാവരുടെയും ജോലി നഷ്ടപ്പെടുമെന്നും നേതാക്കൾ പറഞ്ഞതായും പരാതിയിൽ പറയുന്നു.
താൽക്കാലിക ജീവനക്കാരുടെ കരാർ റദ്ദാക്കുമെന്ന ഭീഷണിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ആശാമോൾ പ്രതികരിച്ചു. “ഞാൻ മത്സരിച്ചാൽ എല്ലാവരുടെയും അന്നംമുട്ടുമെന്ന് പറയുന്നു. എനിക്ക് വലിയ മാനസികവിഷമമുണ്ട്, ഞാൻ ആകെ പ്രതിസന്ധിയിലാണ്,” ആശാമോൾ പറഞ്ഞു. താൻ ആറാം വാർഡിലെ എഡിഎസ് (ADS) അംഗമായാണ് ജോലി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
സിപിഎം കണ്ണൂർ മോഡൽ ഗുണ്ടാരാഷ്ട്രീയം തിരുവല്ലയിലും കൊണ്ടുവരികയാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ആരോപിച്ചു. ആശാമോൾ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയായതുമുതൽ സിപിഎം പ്രാദേശിക നേതാവിൻ്റെ നേതൃത്വത്തിൽ പലതരത്തിലുള്ള ഭീഷണികളും ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് സ്ഥാനാർഥിയായതിൻ്റെ പേരിൽ ഭീഷണി മുഴക്കിയെന്ന ആരോപണം സിപിഎം നിഷേധിച്ചു. എഡിഎസ് അധ്യക്ഷ എന്ന നിലയിലാണ് ആശാമോൾ ബിവറേജസ് കോർപ്പറേഷനുമായി (ബെവ്‌കോ) കരാറിൽ ഏർപ്പെട്ടതെന്നും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കരാർ ലംഘനമാകും എന്നും സിപിഎം വിശദീകരിച്ചു. അതുകൊണ്ടാണ് ജോലി നഷ്ടമാകുമെന്ന കാര്യം സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകേണ്ടി വന്നതെന്നും സിപിഎം കൂട്ടിച്ചേർത്തു.
















