ഷീഷ് കബാബ് സാധാരണയായി അവ്നിലൊ ഗ്രില്ലിലൊ ആണ് തയാറാകുന്നത്. അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ ഷീഷ് കബാബ് ഫ്രൈയിങ് പാനിൽ ഉണ്ടാകുന്നതെങ്ങനെയെന്നു നോക്കാം .
ചേരുവകൾ (അരച്ചെടുക്കാൻ )
എല്ലില്ലാതെ ചതച്ച ചിക്കൻ – ഒന്നര കപ്പ്
മല്ലിയില – അര കപ്പു, ചെറുതായി അരിയുക
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
കുരുമുളകു പൊടി – 1 ടീസ്പൂൺ
ഗരം മസാല പൊടി – അര ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുട്ട – 1
വിനാഗിരി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മറ്റു ചേരുവകൾ
ബട്ടർ – 2 ടീസ്പൂൺ
ചീസ് – 3 ടേബിൾസ്പൂൺ
ബ്രഡ് പൊടി – അര കപ്പ് അല്ലെങ്കിൽ ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുകളിൽ അരക്കാൻ പറഞ്ഞ ചേരുവകൾ എല്ലാം ചെറുതായിട്ട് ഒന്ന് ഗ്രൈൻഡറിൽ ചതച്ചെടുക്കുക. ഇതിലേക്ക് ബ്രഡ്പൊടി, ചീസ് എന്നിവ ചേർത്ത് നല്ലോണം കുഴയ്ക്കുക. കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ കൂടുതൽ ബ്രഡ് പൊടി ചേർക്കണം. ഈ മാവ് 30 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം അതിൽനിന്നും ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ മാവെടുത്തിട്ട് ബാംബൂ സ്കീവെറിൽ വച്ച് പരത്തി ഷേപ്പ് ചെയ്യുക. ഒരു തവ ചൂടാക്കിയിട്ട് വെണ്ണ പുരട്ടുക. അതിന്റെ മുകളിൽ ഈ ഷീഷ് കബാബ് വച്ചിട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായിട്ട് വേവിച്ചെടുക്കുക. ചൂടോടെ ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാം. ( തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പേപ്പറിൽ വച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യത്തിന് എടുത്ത് ഫ്രൈ ചെയ്തെടുക്കാം.)
















