ഹങ്കറിയിലെ ഒബുഡയിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ കണ്ടെത്തിയ 1700 വർഷം പഴക്കമുള്ള ഒരു റോമൻ ശവപ്പെട്ടി തുറന്നപ്പോൾ വെളിപ്പെട്ടത് അമൂല്യ നിധിശേഖരം. ബുഡാപെസ്റ്റ് ചരിത്ര മ്യൂസിയത്തിലെ ഗവേഷക സംഘമാണ് 1700 വർഷം പഴക്കമുള്ള ശവപ്പെട്ടി തുറന്നത്. നൂറ്റാണ്ടുകളോളം മനുഷ്യസ്പർശമേൽക്കാതെ കിടന്ന ശവപ്പെട്ടിക്കുള്ളിൽ യുവതിയുടെ അസ്ഥികൂടത്തിനൊപ്പമാണ് അത്ഭുതകരമായൊരു നിധി ശേഖരവും ഗവേഷകർ കണ്ടെത്തിയത്.
പരിപൂർണമായ ഒരു അസ്ഥികൂടം, അതിന് ചുറ്റുമായി ചെളിയിൽ മുങ്ങിക്കിടന്ന അപൂർവ വസ്തുക്കൾ എന്നിവയാണ് ശവപ്പെട്ടിയിൽ ഉണ്ടായിരുന്നത്. അസ്ഥികൂടത്തിന്റെ രൂപവൈശിഷ്ട്യങ്ങൾ പരിശോധിച്ച ഗവേഷകർ, ഇത് കൗമാരം കടക്കുന്ന ഒരു യുവതിയുടേതാകാമെന്ന് കരുതുന്നു.
ശവപ്പെട്ടിക്കുള്ളിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ പട്ടിക ഏറെ സമ്പന്നമാണ്: കേടുപാടുകളൊന്നുമില്ലാത്ത രണ്ട് ഗ്ലാസ് പാത്രങ്ങൾ, ചെറിയ വെങ്കല പ്രതിമകൾ, ഏകദേശം 140 റോമൻ നാണയങ്ങൾ, ഹെയർ പിൻ, ആഭരണങ്ങൾ, കൂടാതെ സ്വർണ നൂൽ ഉപയോഗിച്ച് നെയ്ത തുണിയുടെ അവശിഷ്ടം. ഇങ്ങനെ സമൃദ്ധമായ സമാധിവസ്തുക്കൾ ഉണ്ടായിരുന്നതിലൂടെ മരിച്ചയാൾ സമ്പന്നയോ ഉയർന്ന സാമൂഹിക പദവിയിലുള്ളവളോ ആയിരിക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
നാലാം നൂറ്റാണ്ടിൽ പഴയ ശവപ്പെട്ടികൾ വീണ്ടും ഉപയോഗിക്കുന്നത് സാധാരണ സംഭവമായിരുന്നു. എന്നാൽ, ഈ ശവപ്പെട്ടി വീണ്ടുമൊരിക്കൽ കൂടി ഉപയോഗിച്ചതിന് തെളിവുകളുണ്ടായിരുന്നില്ല. അടക്കം ചെയ്ത ശേഷം ഒരിക്കലും തൊടപ്പെടാതെ നിലനിന്ന ഇത്തരം പ്രത്യേക ശവപ്പെട്ടികൾ കണ്ടെത്തുന്നത് വളരെ അപൂർവമാണെന്നും ഗവേഷകർ പറയുന്നു.
അസ്ഥികൂടവും മറ്റുവസ്തുക്കളും വിശദമായി പരിശോധിച്ച് വ്യക്തിയുടെ ജനനസ്ഥലം, ആരോഗ്യാവസ്ഥ, പ്രായം തുടങ്ങിയ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അടുത്ത ഗവേഷണഘട്ടം. ശവപ്പെട്ടിയിൽ നിന്ന് എടുത്ത ഏകദേശം 1.5 ഇഞ്ച് കട്ടിയുള്ള ചെളി പാളിയിലും അധിക ആഭരണങ്ങൾ ലഭിക്കാമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
















