ദുബായ്: ജീവനക്കാരുടെ ക്ഷേമവും, സംഘം ചേർന്നുള്ള പ്രവർത്തനശേഷിയും, ഊർജസ്വലമായ തൊഴിൽ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ ഹോട്ട്പാക്ക് സംഘടിപ്പിക്കുന്ന ‘ഹാപ്പിനസ് സീസൺ 4’ തിളക്കത്തോടെ ആരംഭിച്ചു. കലയും കായികവും കൈകോർക്കുന്ന ഈ മെഗാ പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്‌മിന്റൺ, വടംവലി, റിലേ റേസുകൾ, ചെസ്, കാരംസ്, ഇ-ഫുട്ബാൾ തുടങ്ങി നിരവധി കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം പാട്ട്, നൃത്തം, പെയിന്റിങ്, ഫോട്ടോഗ്രഫി, പോസ്റ്റർ നിർമാണം, റീൽ നിർമാണം, കഥാ രചന, ഫാഷൻ ഷോ തുടങ്ങിയ കലാ ഇനങ്ങളും പരിപാടിയുടെ ഭാഗമാകുന്നു. ജനുവരി വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ യു.എഇയിലെ വിവിധ ശാഖകളിൽ നിന്നും അഞ്ഞൂറിലധികം ജീവനക്കാർ പങ്കെടുക്കും. മേഖലാ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർ ജനുവരിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കാണ് കടന്നുചേരുന്നത്.
ഇത്തവണയുടെ പ്രത്യേകതയായി മറ്റ് ജിസിസി രാജ്യങ്ങളിലെ ടീമുകളും മത്സരങ്ങൾക്ക് വേദിയാവുമെന്ന് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ അറിയിച്ചു. ജീവനക്കാരുടെ കായികക്ഷമത, മാനസിക കരുത്ത്, കൂട്ടായ്മ, സൗഹൃദം എന്നിവ മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഹാപ്പിനസ് മാരത്തൺ ഈ വർഷത്തെ പ്രധാന പുതുമയായി മാറും.
ജീവനക്കാരുടെ സന്തോഷം തൊഴിൽപ്രവർത്തനത്തിൽ തന്നെ പ്രതിഫലിക്കണമെന്ന ആശയം മുന്നോട്ട് വച്ച്, ഹോട്ട്പാക്ക് ഒരുക്കിയിരിക്കുന്ന ഈ വേദി ഒരു തൊഴിലിട ആഘോഷത്തിനും അതീതമായി സജീവമായൊരു കുടുംബാന്തരീക്ഷത്തിനുള്ള മഹോത്സവമായി മാറിക്കൊണ്ടിരിക്കുന്നു.
















