വിദേശപഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വിദ്യാർഥികളെ റഷ്യയിലെത്തിച്ചു തട്ടിപ്പു നടത്തിയെന്നും ലഹരിശൃംഖലയുടെ കണ്ണികളാക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ, വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പെഫ് (PEF) എന്ന സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി ആനന്ദ് (20), പത്തനംതിട്ട സ്വദേശി ജസ്റ്റിൻ (20), തിരുവനന്തപുരം സ്വദേശി ബിമൽ (20), മലപ്പുറം സ്വദേശി റിൻഷാദ് (20) എന്നിവരാണ് പരാതിപ്പെട്ടത്. ആനന്ദിന്റെ പരാതിയിലാണ് കേസ്. പെരിന്തൽമണ്ണയിലും പെഫിനു ശാഖയുണ്ട്. റഷ്യയിൽ നാലുമാസത്തെ ദുരിതജീവിതമായിരിന്നെന്നും എംബസിയുടെ സഹായത്തോടെയാണ് തിരിച്ചെത്തിയതെന്നും നാലു പേരും പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളായ ഇവർ പഠനത്തിനൊപ്പം ജോലിയും ചെയ്ത് കുടുംബത്തിനു താങ്ങാകാമെന്ന പ്രതീക്ഷയോടെയായിരുന്നു റഷ്യയിലെത്തിയത്. ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെ അലട്ടുന്നു. ജർമൻ ഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെങ്കിലും അതിന്റെ കാലാവധി അവസാനിക്കാറായി. ഇനിയുമൊരു കോഴ്സിനു ചേരാനോ വിദേശത്തേക്കു പോകാനോ പണം കണ്ടെത്താൻ ഇവർക്കാകില്ല. നാണക്കേടു ഭയന്ന് നാട്ടിൽ നിൽക്കാനാകാതെ നാലു പേരും ബന്ധുവീടുകളിലാണ് കഴിയുന്നത്.
പിന്തുണയുമായി കുടുംബാംഗങ്ങൾ ഇവർക്കു കാവലിരിക്കുന്നു. ചേർത്തു പിടിക്കുമ്പോഴും മക്കളുടെ ഭാവിയെക്കുറിച്ചോർത്തുള്ള ആശങ്ക മാതാപിതാക്കളെ അലട്ടുന്നുണ്ട്. നഷ്ടപ്പെട്ട 6 ലക്ഷം രൂപം പെഫ് തിരികെ നൽകണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.















