മലപ്പുറം: കുടുംബ വഴക്കിനെത്തുടർന്ന് അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്ന ദാരുണ സംഭവമാണ് മലപ്പുറം പൂക്കോട്ടൂരിൽ നടന്നത്. പള്ളിമുക്ക് സ്വദേശിയായ അമീർ സുഹൈൽ (26) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ജുനൈദ് (28) മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിൽ.
പുലർച്ചെ അഞ്ചുമണിയോടെ ആണ് കൊലപാതകം നടന്നത്. ആക്രമണത്തിന് ശേഷം ജുനൈദ് കത്തിയുമായി ബൈക്കിലേറി നേരെ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ജുനൈദ് പൊലീസിനോട് സമ്മതിച്ചു.
സഹോദരന്മാർ തമ്മിൽ കുടുംബവഴക്കിനു പുറമെ സാമ്പത്തിക വിഷയങ്ങളിലും തർക്കം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനായിരുന്നു. വീടിന്റെ അടുക്കളയിൽ നിന്നാണ് അമീറിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
















