ജീന്‍സ് ഇന്നത്തെ യുവാക്കളുടെ ഫാഷന്‍ ലോകത്ത് ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. സ്കൂളിലും കോളേജിലും, കഫേകളിലും പാർട്ടികളിലും, ജോലിസ്ഥലങ്ങളിലും ജീന്‍സ് ധരിക്കുന്നത് ഒരു സ്റ്റൈലിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജീന്‍സ് ധരിക്കുമ്പോള്‍ വലതുവശത്തെ ഈ ചെറിയ പോക്കറ്റിനെപ്പറ്റി വിചാരിച്ചിട്ടുണ്ടോ? അതിന്റെ യഥാര്‍ത്ഥ ഉപയോഗം അറിയാമോ? ഈ പ്രിയപ്പെട്ട ജീന്‍സ് ധാരണം, വെറും ഫാഷന്‍ മാത്രമല്ല, ഇതിനു പിന്നില്‍ രസകരമായ ഒരു ചരിത്രവും ഉണ്ട്.
ജീന്‍സ് കണ്ടുപിടിച്ചത് 19-ാം നൂറ്റാണ്ടിലാണ്. ലെവി സ്‌ട്രോസ് & കമ്പനി (Levi’s) 1873-ല്‍ ‘വാച്ച് പോക്കറ്റ്’ അല്ലെങ്കില്‍ ‘ഫോബ് പോക്കറ്റ്’ എന്ന പേരില്‍ ഈ ചെറിയ പോക്കറ്റ് ആദ്യമായി പരിചയപ്പെടുത്തി.
അക്കാലത്ത് റിസ്റ്റ് വാച്ചുകള്‍ അത്ര ഉപയോഗത്തിലില്ലായിരുന്നു. പകരം ചെയിനുകളിലും മറ്റും ഘടിപ്പിച്ചിരുന്ന പോക്കറ്റ് വാച്ചാണ് പലരും ഉപയോഗിച്ചിരുന്നത്. ഇതൊരു സ്റ്റാറ്റസ് സിംബലും കൂടിയായിരുന്നു. എന്നാൽ ഖനി തൊഴിലാളികള്‍, കൗബോയ്സ്, റെയില്‍വേ തൊഴിലാളികള്‍ എന്നിവരിൽ ഈ വാച്ചുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിനാല്‍ ജീന്‍സില്‍ ഈ ചെറിയ പോക്കറ്റ് രൂപകല്‍പ്പന ചെയ്തതായിരുന്നു. ലെവീസ് ഇന്നും ഇതിനെ ‘വാച്ച് പോക്കറ്റ്’ എന്നു വിളിക്കുന്നു.
ചിലര്‍ ഈ വാച്ച് പോക്കറ്റിനെ ‘ അഞ്ചാമത്തെ പോക്കറ്റ്’ എന്നും വിളിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിസ്റ്റ് വാച്ചുകള്‍ കൂടുതൽ പ്രചാരത്തിലാകുമ്പോൾ, വാച്ച് പോക്കറ്റിന്റെ ആവശ്യകത കുറവായി. എന്നിരുന്നാലും, പോക്കറ്റ് ജീന്‍സിന്റെ സവിശേഷ ഘടകമായി തുടരുകയും ചെയ്തു. 150 വര്‍ഷങ്ങള്‍ക്കുശേഷവും, ലെവീസ് ആ ചെറിയ പോക്കറ്റ് അവരുടെ പ്രത്യേകം ഡിസൈനായി നിലനിര്‍ത്തിയിരിക്കുന്നു. ഇന്ന് റാങ്ജര്‍, ലീ പോലെയുള്ള മിക്ക പ്രമുഖ ഡെനിം ബ്രാന്‍ഡുകളും ഈ മൈക്രോ-പോക്കറ്റിനെ അവരുടെ ജീന്‍സുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി ജീൻസ് ഇടാനായി എടുക്കുമ്പോൾ ഈ പോക്കറ്റ് കാണുമ്പോൾ അതിന്റെ ചരിത്രം കൂടി മനസ്സിൽ വച്ചോളൂ. ഫാഷന്‍ ലോകം എത്ര മാറിയാലും, ചില ചെറിയ വിശദാംശങ്ങള്‍ നമ്മുടെ സ്റ്റൈലിനും ചരിത്രത്തിനും ഒരു പ്രതീകം ആയി നിലനിൽക്കുന്നു. അതാണ് ഈ ചെറിയ പോക്കറ്റിന്‍റെ മാജിക്.
















