കൊല്ലം: സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതൽ തടങ്കൽ. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തിൽ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി ലൈൻ ഓർക്കിഡ് ഇന്റർനാഷണൽ അപ്പാർട്മെന്റിലെ സിന്ധു (31)യെയുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
എംഡിഎംഎ കടത്ത് കേസിൽ സിന്ധുവിനെതിരെ മൂന്ന് കേസുകളും അച്ചുവിനെതിരെ രണ്ടും നിലവിലുണ്ട്. 2023-ൽ പാലക്കാട്ട് കാറിൽ കടത്താനെത്തിയ 25 ഗ്രാം എംഡിഎംഎയുമായി ഇവരെ കൊല്ലംകോട് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, കഴിഞ്ഞ ജൂലൈയിൽ കൊല്ലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നു 6 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ സിന്ധു, പിന്നീടും ലഹരി വിൽപ്പന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. നിലവിൽ സിന്ധു എറണാകുളം കാക്കനാട് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ബെംഗളൂരുവിൽ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ വിൽപനയ്ക്കിറക്കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമായതോടെ ഇരുവരെയും കരുതൽ തടങ്കലിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം എസിപി എസ്. ഷെറീഫ് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ആഭ്യന്തര വകുപ്പ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചുവിനെ കൊല്ലത്തുനിന്ന് ഇൻസ്‌പെക്ടർ പുഷ്പകുമാറും എസ്ഐ നിയാസും ചേർന്ന പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ കരുതൽ തടങ്കൽ രേഖപ്പെടുത്തിയത് കാക്കനാട് ജയിലിലെത്തി ഈസ്റ്റ് എസ്ഐ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു. ലഹരി കടത്തിന്റെ റൂട്ടുകൾ കണ്ടെത്തുന്നതിനായി അന്വേഷണ നടപടികൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
















