തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കെതിരായി വിമതരായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അറിയിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ച് മത്സരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഡിസിസി ഈ കടുത്ത തീരുമാനമെടുത്തത്.
പുറത്താക്കിയവരുടെ പട്ടിക ഇപ്രകാരമാണ്: കഴക്കൂട്ടം വാർഡിൽനിന്ന് വി. ലാലു, ഹുസൈൻ എന്നിവർ, പൗണ്ട്കടവ് വാർഡിൽ എസ്.എസ്. സുധീഷ്‌കുമാർ, പുഞ്ചക്കരി വാർഡിൽ കൃഷ്ണവേണി, വിഴിഞ്ഞം വാർഡിൽ ഹിസാൻ ഹുസൈൻ, ഉള്ളൂരിൽ ജോൺസൻ തങ്കച്ചൻ, മണ്ണന്തല വാർഡിൽ ഷിജിൻ, ജഗതിയിൽ സുധി വിജയൻ എന്നിവരെയാണ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കം ചെയ്തത്.
ഇതിനിടെ, ജില്ലയിൽ ഒരു വാർഡിൽ രണ്ട് പേർക്ക് ‘കൈ’ ചിഹ്നം അനുവദിച്ചു എന്ന വാർത്ത ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ നിഷേധിച്ചു. വിഴിഞ്ഞം വാർഡിലെ ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ മാത്രമാണ്. ഡമ്മിയായി പത്രിക നൽകിയ വ്യക്തി സ്വന്തം ഇഷ്ടപ്രകാരം പത്രികയിൽ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈ ചിഹ്നം അനുവദിക്കാനുള്ള ഡിസിസി പ്രസിഡന്റിന്റെ ഡിക്ലറേഷൻ റിട്ടേണിങ് ഓഫിസർക്ക് നൽകുന്ന സ്ഥാനാർഥിക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. വിഴിഞ്ഞം വാർഡിൽ കെ.എച്ച്. സുധീർഖാനു മാത്രമാണ് ഡിസിസി പ്രസിഡന്റ് ചിഹ്നം അനുവദിച്ചത്. ഡമ്മി സ്ഥാനാർഥിക്ക് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഡിസിസി പ്രസിഡന്റ് ഡിക്ലറേഷൻ നൽകിയിട്ടില്ലെന്നിരിക്കെ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്തണമെന്നും എൻ. ശക്തൻ ആവശ്യപ്പെട്ടു.
















