മുക്കാളി: മുന്നറിയിപ്പുകളോ മാർഗനിർദേശങ്ങളോ ഒന്നുമില്ലാതെ റോഡ് വെട്ടിപ്പൊളിച്ച് നടന്ന നിർമാണ പ്രവർത്തി പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ജീവൻ രക്ഷാപ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് എസ്‌ഡിപിഐ മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല പറഞ്ഞു. അദാനി കമ്പനി ഏറ്റെടുത്തിരിക്കുന്ന റോഡ് പ്രവർത്തനങ്ങളിൽ കാണുന്ന നിരുത്തരവാദിത്വമാണ് ഈ ദുരവസ്ഥക്ക് കാരണം. ഇത് ജനങ്ങളുടെ അവകാശങ്ങൾക്കുമേൽ നടക്കുന്ന തുറന്ന ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പുകളില്ലാതെ നടത്തിയ റോഡ് തകർത്ത് പണി മൂലം മുക്കാളി പ്രദേശത്തെ നിത്യജീവിതം തന്നെ സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് ശക്തമായ ജർക്കിംഗ്, പൊടി ശല്യം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അടിയന്തിര രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിൽ വരെ തടസങ്ങൾ – ഇങ്ങനെ ജനങ്ങൾ ഏറ്റവും പൊറുതിമുട്ടി പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ അവദൂത മാതാ ക്ഷേത്രത്തിന് സമീപം തന്നെ രണ്ടുതവണ മണ്ണിടിഞ്ഞ സംഭവങ്ങൾ ഉണ്ടായി. അതിനാൽ, ആദ്യ ഘട്ടത്തിലെ നിർമാണം പൂർത്തിയാകാതെ മറ്റിടങ്ങളിൽ പണി ആരംഭിക്കരുതെന്ന് തീരുമാനിച്ചിരുന്നെങ്കിലും കരാർ കമ്പനി അത് ലംഘിച്ചിരിക്കുകയാണെന്ന് ഷംസീർ ചൂണ്ടിക്കാട്ടി.
റോഡ് ഉപയോഗത്തിൽ ആയിരുന്ന സമയത്ത് തന്നെ എങ്ങും അറിയിപ്പില്ലാതെ വെട്ടിപ്പൊളിക്കൽ നടന്നതോടെ, എസ്‌ഡിപിഐയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പ്രവർത്തി തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ അദാനി കമ്പനി ഉദ്യോഗസ്ഥർ, “എം.എൽ.എയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങൾ ഈ ഭാഗത്ത് പണി ആരംഭിച്ചു” എന്ന നിലപാടാണ് അവതരിപ്പിച്ചതെന്ന് ഷംസീർ വെളിപ്പെടുത്തി.
“അപകടങ്ങൾ നടന്നശേഷം ഷോ വർക്ക് നടത്തലല്ല ജനപ്രതിനിധികളുടെ ഉത്തരവാദിത്വം. കോർപ്പറേറ്റ് താൽപര്യങ്ങൾക്കും ജനദ്രോഹ നടപടികൾക്കും ഒരേസമയം തുണയാകുന്ന നാടകങ്ങൾ ജനങ്ങൾ തെരഞ്ഞെടുത്ത നേതാക്കൾ അവസാനിപ്പിക്കണം. അന്യായമായ രീതിയിൽ പണിചെയ്യുന്ന അദാനി കമ്പനിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം എത്തി കഴിഞ്ഞു,” എന്നായിരുന്നു ഷംസീർ ചോമ്പാലയുടെ വാക്കുകൾ. ഈ അവസ്ഥ തുടർന്നാൽ വിപുലമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സഞ്ചാര സ്വാതന്ത്ര്യവും പൊതുസുരക്ഷയും തകർക്കുന്ന രീതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
















