ദുബൈ: 54-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ താമസക്കാർക്ക് നാല് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ദേശീയ ദിനാഘോഷങ്ങൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ അവധിക്കാലം സുരക്ഷിതവും ആസ്വാദ്യകരവും ആകുന്നതിനായി ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആഘോഷങ്ങൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാവരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാർഗനിർദ്ദേശങ്ങൾ
- വാഹനങ്ങളിൽ ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ ഉപയോഗിക്കുക.
- ദേശീയ ദിനം പ്രമാണിച്ച് യുഎഇ പതാക ഉയർത്തുക.
- ജീവന് അപകടമുണ്ടാക്കുകയോ ട്രാഫിക് തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരോധിക്കപ്പെട്ട കാര്യങ്ങൾ - അംഗീകാരമില്ലാത്ത പരേഡുകളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുക.
- ട്രാഫിക് തടസ്സപ്പെടുത്തുകയോ പൊതു റോഡുകൾ തടയുകയോ ചെയ്യുക.
സ്റ്റണ്ട് ഡ്രൈവിംഗ് നടത്തുക. - വാഹനത്തിന്‍ററെ വിൻഡോകളിലൂടെയോ സൺറൂഫുകളിലൂടെയോ പുറത്തേക്ക് തൂങ്ങിക്കിടക്കുക.
- വാഹനങ്ങളിൽ അമിതമായി ആളുകളെ കയറ്റുക.
- വിൻഡോകൾ മറയ്ക്കുകയോ ലൈസൻസ് പ്ലേറ്റുകൾ മറച്ചുവെക്കുകയോ ചെയ്യുക.
- അംഗീകാരമില്ലാത്ത രൂപമാറ്റം വരുത്തുകയോ അമിതമായ ശബ്ദം ഉണ്ടാക്കുകയോ ചെയ്യുക.
- ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കുക.
- യുഎഇയുടെ പതാകയല്ലാതെ മറ്റേതെങ്കിലും പതാകകൾ ഉയർത്തുക.
- വാഹനങ്ങളിൽ സ്പ്രേ പെയിന്‍റ് ഉപയോഗിക്കുക.
- ഈദ് അൽ ഇത്തിഹാദുമായി ബന്ധപ്പെട്ട സംഗീതമൊഴികെ ഉച്ചത്തിൽ സംഗീതം വെക്കുക.
- നിയമം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്നും, വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
















