വടകര: ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ ഉച്ചയോടെ ഉണ്ടായ തീപിടിത്തം പ്രദേശവാസികളിൽ വലിയ ആശങ്ക പടർത്തി. കനത്ത പുകയുമായാണ് തീ പടർന്നത്.
യുപിഎസ് ബാറ്ററി സംവിധാനത്തിലാണ് ആദ്യം അഗ്നിബാധ നടന്നത്. പുക കെട്ടിടം മുഴുവൻ നിറഞ്ഞതിനാൽ അകത്ത് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഉടൻ സംഭവസ്ഥലത്തെത്തിയ വടകര ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു.
വടകര അഗ്നിരക്ഷാ നിലയത്തിൽ നിന്ന് എത്തിയ അഡ്വാൻസ് റെസ്ക്യൂ ടെൻഡർ എന്ന വാഹനത്തിന്റെ എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനം ഉപയോഗിച്ച് പുക പുറന്തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് അകത്ത് പരിശോധന നടത്താൻ സാധിച്ചത്. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ യുപിഎസ് ബാറ്ററി വിഭാഗത്തിനുള്ളിൽ മാത്രമായി നിന്നത് വലിയ ആശ്വാസമായി.
ഇൻവേർട്ടറും ബാറ്ററിയും വയറിംഗുമായി തീയിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമിക നിഗമനം.
വടകര ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ കെഎം ഷമേജ് കുമാർ, എംകെ ഗംഗാധരൻ, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ പികെ റിനീഷ്, കെവി അനിത്ത് കുമാർ, ഫയർ&റെസ് ഓഫീസർമാരായ എം. ലിജു, എം.ടി.റാഷിദ്, പി.അഗീഷ്, ഷാജൻ കെ ദാസ്, ഹോം ഗാർഡുമാരായ ആർ രതീഷ്, കെബി സുരേഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
















