ലൈംഗിക അതിക്രമ പരാതിയിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് ഉന്നത പോലീസ് നേതൃത്വം അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള നിർദേശം. ഈ സാഹചര്യത്തിൽ, പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമാകില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരം, രാഹുലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ സംസ്ഥാന വ്യാപകമായി നടക്കുകയാണ്.
എംഎൽഎയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിലവിൽ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.അതേസമയം, രാഹുൽ മാങ്കോട്ടം കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണെന്ന സംശയത്തെ തുടർന്ന് പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വിപുലീകരിച്ചു. ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ, പോലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പരിശോധന നടത്തിവരികയാണ്. പരാതി അന്വേഷിക്കുന്ന തിരുവനന്തപുരം പോലീസ് സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പാലക്കാട് എത്തിയിരുന്നു. രാഹുൽ താമസിച്ചിരുന്ന കുന്നത്തൂരിലുള്ള ഫ്ലാറ്റിലാണ് സംഘം പരിശോധന നടത്തിയത്. ലൈംഗിക അതിക്രമ പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് അന്വേഷണ സംഘം ഫ്ലാറ്റിലെത്തി വിവരങ്ങൾ തേടിയത്.
















