മാലിന്യം കുന്നുകൂടി വർഷങ്ങളായി നശിച്ചി കിടന്നിരുന്ന ഇടം, എന്നാൽ ഇന്ന് പച്ചപ്പും പുതുമയും നിറഞ്ഞൊരു മനോഹര ഉദ്യാനം. നീലേശ്വരം മാർക്കറ്റ് ജങ്ഷനും കരുവാച്ചേരിക്കും ഇടയിൽ ഉള്ള രാമരം റോഡിലെ ഈ മാറ്റത്തിന് പിന്നിൽ ടൂറിസം വകുപ്പിൽ ഉദ്യോഗസ്ഥനായ പി. സുനിൽകുമാറും, കൊടക്കാട് കേളപ്പജി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ നിഷയും ആണ്. സംസ്ഥാന സർക്കാരിന്റെ “പൊതുവിദങ്ങൾ വൃത്തിയായി സൂക്ഷിക്കുക” എന്ന ആശയം മനസ്സിലാക്കി, തങ്ങളുടെ 25-ാം വിവാഹവാർഷികം ഒരു സമൂഹത്തിനു ഉപകാര പ്രവൃത്തിയാക്കി മാറ്റുകയായിരുന്നു ഇവർ.
ഉദ്യാനത്തിൽ ഓപ്പൺ ലൈബ്രറി, ഇരിപ്പിടങ്ങൾ, പക്ഷിമൃഗാദികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം, സൗരോർജവിളക്കുകൾ, ജലശുദ്ധീകരണി എന്നിവ സ്‌ഥാപിക്കുന്നുണ്ട്. ഓപ്പൺ ജിം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഉദ്യാനമെന്ന ആശയം മാതാപിതാക്കൾ മുന്നോട്ടുവെച്ചപ്പോൾ മക്കളായ നന്ദ കൃഷ്ണയും ഗൗതം കൃഷ്ണയും പൂർണ പിന്തുണ നൽകി. ഓപ്പൺ ലൈബ്രറിയുടെ മേൽനോട്ടം നന്ദ കൃഷ്ണ ഏറ്റെടുക്കുകയും ചെയ്തു.
ഉദ്യാനമായി ഇപ്പോൾ സ്ഥലം മാറിയ ഈ പ്രദേശം മുമ്പ് കാടും മാലിന്യവും നിറഞ്ഞതായിരുന്നു. കാർഷിക കോളേജിന്റെ കീഴിലുള്ള ഇൻസ്ട്രക്ഷണൽ ഫാം രണ്ടിന്റെ മതിൽ നിയമവിരുദ്ധമായി റോഡിലേക്കു തള്ളിനിൽക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തി മതിൽ പൊളിച്ചുമാറ്റി. ശേഷം ചെത്തുകല്ലുകൾ ഉപയോഗിച്ച് പുതിയ മതിൽ കെട്ടി, മിനുക്കി പെയിന്റ് ചെയ്ത് സ്ഥലത്തെ പൂർണ്ണമായി ശുചീകരിച്ചു.
പ്രവാസി വിജയൻ നമ്പ്യാർ നൽകിയ സാമ്പത്തികസഹായവും ഈ പ്രവർത്തനങ്ങൾക്ക് ശക്തിയായി. തുടർന്ന് ചെത്തുകല്ലുകൾ ഉപയോഗിച്ച് മതിൽ കെട്ടി തേച്ചുമിനുക്കി പെയിന്റ് ചെയ്തു.
അഞ്ച് മീറ്റർ വീതിയുള്ള ലിങ്ക് റോഡ് ഏഴ് മീറ്റർ വീതിയാക്കി, രണ്ട് വശങ്ങളിലും കോൺക്രീറ്റ് ചെയ്തു. ബാക്കിയുണ്ടായ നാല് സെന്റ് സ്ഥലത്താണ് ഉദ്യാനം നിർമ്മിച്ചത്. ദമ്പതികളുടെ വിവാഹവാർഷിക ദിനമായ ഡിസംബർ 3ന് ഉദ്യാനം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കും.
സമൂഹത്തിനുവേണ്ടി സമയം, കഴിവ്, മനസ്സ് എന്നിവ സമർപ്പിച്ച ഈ ദമ്പതികൾ പ്രാദേശിക സമൂഹത്തിനും പുതിയ തലമുറക്കും ഒരു പ്രചോദന മാതൃകയാണ്. പൊതുസ്ഥലങ്ങൾ സംരക്ഷിക്കാനും സുന്ദരമാക്കാനും ഓരോരുത്തരും ഒരു ചുവട് കൂടി മുന്നോട്ട് വെച്ചാൽ, നഗരം മാറും ഒപ്പം ജീവിതവും.
















